രേഷ്മയ്ക്കെതിരായ സദാചാര വിചാരണ ചൂണ്ടിക്കാട്ടി; ചർച്ച ബഹിഷ്‌കരിച്ച് ചിത്തരഞ്ജന്‍ എം.എല്‍.എ

'പ്രവാസിയായ ഒരാളുടെ ഭാര്യയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചുവെച്ച പൊതുബോധമുണ്ട്. അത്തരത്തിലുള്ള പോസ്റ്ററുകളും ഫേസ് ബുക്ക് പോസ്റ്റുകളുമാണ് വന്നത്'

Update: 2022-04-24 04:31 GMT
Advertising

കോഴിക്കോട്: 'പിണറായിയില്‍ നടന്നതെന്ത്' എന്ന ചോദ്യം ഉന്നയിച്ച മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ച ബഹിഷ്കരിച്ച് സി.പി.എം എം.എല്‍.എ പി.പി ചിത്തരഞ്ജന്‍. സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍റെ കൊലയാളിയെ പിണറായിയിലെ വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതിന് രേഷ്മ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. രേഷ്മക്കെതിരെ നടക്കുന്ന സദാചാര വിചാരണയെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച എം.എല്‍.എ, ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

"ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തകനെ അതിനീചമായി വെട്ടിക്കൊലപ്പെടുത്തിയിട്ട്, ആ സംഭവത്തെ വ്യാഖ്യാനിച്ച് ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നു. ആ കൊലയാളി സംഘത്തിന് കൂട്ടുനില്‍ക്കുകയും വെള്ള പൂശുകയും ചെയ്യുന്നതിനു വേണ്ടി എത്ര അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്? പ്രതിയായ നിജില്‍ ദാസും അയാളെ വീട്ടില്‍ക്കൊണ്ടുപോയ സ്ത്രീയും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ പരിശോധിക്കേണ്ടത്? അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണല്ലോ. അവരുടെ ഭര്‍ത്താവ് സ്ഥലത്തില്ല. നിജില്‍ദാസും അവരും തമ്മില്‍ എന്താണ് ബന്ധം? അതൊന്നും നമ്മളിവിടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല"- പി പി ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു.

ഇതോടെ അവതാരകന്‍ എസ്.എ അജിംസ് ഇടപെട്ടു- "നിങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടെന്ന് പറഞ്ഞ കാര്യമാണ് സി.പി.എം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതായത് പ്രവാസിയായ ഒരാളുടെ ഭാര്യയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചുവെച്ച പൊതുബോധമുണ്ട്. അത്തരത്തിലുള്ള പോസ്റ്ററുകളും ഫേസ് ബുക്ക് പോസ്റ്റുകളുമാണ് വന്നത്. അവര്‍ പറയുന്നു അവര്‍ സി.പി.എമ്മുകാരാണെന്ന്. നിങ്ങള്‍ പറയുന്നു ആര്‍.എസ്.എസുകാരാണെന്ന്. അതിനിടയില്‍ അവരെ സദാചാര വിചാരണ നടത്തുന്നു നിങ്ങള്‍. അതല്ലേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?"

വസ്തുത വളച്ച് വ്യാഖ്യാനിച്ച് അവരെ സി.പി.എം നേതാക്കളായി മാറ്റരുതെന്ന് എം.എല്‍.എ പ്രതികരിച്ചു. കൊലയാളിയെ സംരക്ഷിച്ചവര്‍ക്കു വേണ്ടിയാണോ ചര്‍ച്ച എന്നു ചോദിച്ചുകൊണ്ട് പി പി ചിത്തരഞ്ജന്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

അവതാരകന്‍ അജിംസ് നല്‍കിയ മറുപടി ഇങ്ങനെ- "പി പി ചിത്തരഞ്ജന്‍ എം.എല്‍.എ വര്‍ഷങ്ങളായി മീഡിയവണിന്‍റെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ബഹുമാന്യനായ ജനപ്രതിനിധിയാണ്. അദ്ദേഹം ഈ ചര്‍ച്ചയില്‍ സംസാരം തുടങ്ങിയത്, അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ എന്ന സ്ത്രീയെ സദാചാര വിചാരണ ചെയ്ത് ദുസ്സൂചനകളോടെ സംസാരിച്ചുകൊണ്ടാണ്. അങ്ങനെ ചെയ്യരുത്, നിങ്ങള്‍ ഇന്നലെ രാത്രി സാമൂഹ്യ മാധ്യമങ്ങളില്‍ അതാണ് ചെയ്തത് എന്ന് ഓര്‍മിപ്പിച്ചപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായി ഈ ചര്‍ച്ച വിട്ടത്. അതില്‍ ഖേദമില്ല. അത്തരത്തിലുള്ള സദാചാര വിചാരണ ഒരു സ്ത്രീക്കെതിരെ ഒരു പൊതുവേദിയില്‍, ഒരു ടെലിവിഷന്‍ ചാനലില്‍ വന്നിരുന്ന് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല"

Full View

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News