ഒരുമിച്ചു കളിച്ചു വളര്‍ന്ന പൊന്നുമക്കള്‍...അന്ത്യയാത്രയും ഒന്നിച്ച്; നെഞ്ചുലഞ്ഞ് ഒരു നാട്
കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായിരുന്നു നാലുപേരും
പാലക്കാട്: ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍...സ്കൂളിലേക്ക് പോകുന്നതും വരുന്നതുമെല്ലാം ഒന്നിച്ചായിരുന്നു അവര്‍...ആയിഷയും ഇര്‍ഫാനയും റിദയും നിദയും...കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായിരുന്നു നാലുപേരും. പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൂട്ടുകാരികളെ പാഞ്ഞടുത്ത ലോറിയുടെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്.
ചിരിച്ചുല്ലസിച്ച് സ്കൂളിലേക്ക് പോകുന്ന ആ കുഞ്ഞുങ്ങളെ ഇവിടുത്തുകാര്‍ എന്നും കാണുന്നതാണ്. എത്ര സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാകും അവര്‍.. പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം, ഉന്നത പഠനം, ജോലി...എല്ലാം ഇന്നലെ വൈകുന്നേരത്തോടെ തകര്‍ന്നു. നെഞ്ച് പൊട്ടിക്കരയുന്ന ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടക്കടലിലാണ് നാട്ടുകാരും...ആ പൊന്നുമക്കള്‍ അവരുടെയും മക്കളായിരുന്നു.
നാലുപേരുടെയും മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് കുട്ടികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തുന്നത്. പ്രിയപ്പെട്ടവരുടെ വേദന കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയാണ്.
ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.