കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായവുമായി പഞ്ചായത്ത് പ്രസിഡന്‍റ്; മാതൃകയായി മാറാക്കര പഞ്ചായത്ത്
മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേന തീരുമാനമെടുത്തത്
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. മലപ്പുറം മാറാക്കര പഞ്ചായത്ത് ഭരണസമിതിയാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേന തീരുമാനമെടുത്തത്. സർക്കാരിന്‍റെ കോവിഡ് മരണ കണക്കുകളിൽ ഉൾപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിന് 5000 രൂപ നൽകാനാണ് തീരുമാനം.
പുതിയ ഭരണ സമിതി ചുമതല ഏറ്റ ശേഷമാണ്, മാറാക്കര പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ ദുരിതാശ്വാസ നിധി രൂപീകരിച്ചത്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ ഇത് കൂടുതൽ സക്രിയമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഭരണസമിതിയുടെ ഇടപെടൽ. ഇതനുസരിച്ച്, രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 5000 രൂപ വീതം ധനസഹായം നൽകും. സർക്കാരിന്‍റെ ഔദ്യോഗിക മരണ കണക്കുകളിൽ രേഖപ്പെടുത്തിയ, പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വ്യക്തികളുടെ കുടുംബത്തിനായിരിക്കും സഹായം ലഭിക്കുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവിഷ്ക്കരിച്ച വിവിധ കർമ്മ പരിപാടികളടങ്ങിയ കെയർ മാറാക്കര എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ധനസഹായ വിതരണവും നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ബോർഡ് യോഗം ചേർന്ന് ഐക്യകണ്ഠേന തീരുമാനമെടുത്തു. നിലവിൽ 10 പേരാണ് മാറാക്കര പഞ്ചായത്ത് പരിധിയിൽ കോവിഡ് രണ്ടാം തരംഗത്തിൽ രോഗ ബാധിതരായി മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന് ഉടൻ തുക കൈമാറും.