തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്ന് മാറി നൽകി; പോട്ട സ്വദേശി വെന്റിലേറ്ററിൽ
ഹെൽത്ത് ടോണിക്കിന് പകരം ചുമക്കുള്ള മരുന്നാണ് നൽകിയത്
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിക്ക് മരുന്ന് മാറി നൽകി. അബോധാവസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം ചുമക്കുള്ള മരുന്നാണ് നൽകിയത്. ഇതോടെ രോഗി അബോധാവസ്ഥയിലാവുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അമൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാൻ ഇരിക്കെയാണ് സംഭവം. മാർച്ച് 3ന് വാർഡിലേക്ക് മാറ്റിയെങ്കിലും ഇടവിട്ടുണ്ടായ പനി മൂലം രോഗിക്ക് മാർച്ച് 4ന് മരുന്ന് നൽകുകയായിരുന്നു. ആറാം തിയതിയോടെ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടായ അമൽ 7ആം തിയതി അബോധാവസ്ഥയിലായി.
''ഡോക്ടർ ഒരു മരുന്ന് എഴുതി തന്നു. മെഡിക്കൽ ഷോപ്പിൽ പോയി അമ്മ അത് മേടിച്ചു വന്ന് നഴ്സിനെ കാണിച്ചു. നഴ്സ് അത് കൊടുത്തോളാനും പറഞ്ഞു. എന്നാല്‍ കെണ്ടുവന്ന മരുന്ന് ഡോക്ടർ എഴുതിയതല്ലായിരുന്നു. മരുന്ന് കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അമലിന്‍റെ ദേഹമാസകലം തടിച്ചു പൊന്തുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തു. പിന്നെ പെട്ടെന്ന് തന്നെ ഐസിയുവിലേക്ക് മാറ്റി. പിറ്റേ ദിവസം ഞങ്ങൾ മെഡിക്കൽ ഷോപ്പിൽ ചെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു മരുന്ന് മാറിപ്പോയതാണെന്ന്. അത് കഴിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നാണ് അവർ പറഞ്ഞത്. ഡോക്ടർ എഴുതി നൽകിയ മരുന്നല്ല മെഡിക്കൽ ഷോപ്പുകാർ തന്നത്''- അമലിന്‍റെ ബന്ധു പറഞ്ഞു.
മരുന്ന് മാറി നൽകിയെന്ന് സ്ഥിരീകരിച്ച മെഡിക്കൽ കോളജ് പക്ഷെ, അമൽ ഗുരുതരാവസ്ഥയിൽ ആയത് അപസ്മരം മൂലമാണെന്ന നിലപാടിലാണ്. ചുമക്ക് നൽകിയ മരുന്നിൽ അലർജിയുടെ മരുന്നിന്റെ സാന്നിധ്യം ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. വെന്റിലേറ്ററിൽ കഴിയുന്ന അമലിന് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് വ്യക്തമാക്കി.
അതേസമയം മരുന്ന് എഴുതി നൽകിയത് തുണ്ട് കടലാസിലാണെന്നും മികച്ച ചികിത്സ കിട്ടാൻ ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു.