പേരാമ്പ്ര എംഡിഎംഎ കേസ്; പ്രതി കീര്‍ത്തനക്ക് വെട്ടേറ്റു

ആണ്‍സുഹൃത്ത് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്

Update: 2026-09-26 09:40 GMT

കോഴിക്കോട്: അധ്യാപികമാർ ഉള്‍പ്പെട്ട പേരാമ്പ്ര എംഡിഎംഎ കേസിലെ പ്രതി മരുതോങ്കര സ്വദേശി കെ.സി കീര്‍ത്തനക്ക് വെട്ടേറ്റു. ആണ്‍സുഹൃത്ത് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലകയായ കീർത്തനക്ക് കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യ ഉപാധിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും വടകര പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. ഇതിനായി ഇന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് ആണ്‍സുഹൃത്ത് വിനീഷ് വെട്ടിയത്. കഴുത്തിനാണ് സാരമായി പരിക്കേറ്റത്. 

Advertising
Advertising

കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കെ. കാവ്യക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25 മുതല്‍ കാവ്യ റിമാന്‍ഡിലായിരുന്നു. കേസിന്റെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നല്‍കിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ വടകരയില്‍ വെച്ച് സഫ്വാന്‍ എന്നയാളില്‍ നിന്ന് എംഡിഎംഎ പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്ക് വെളിപ്പെട്ടത്. കീര്‍ത്തനയെയും കാവ്യയെയും കൂടാതെ മറ്റൊരു അധ്യാപികയായ വി.പി നീഷ്മ, ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരും പിന്നാലെ അറസ്റ്റിലായിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News