വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി
മുൻ ഉദ്യോഗസ്ഥന്റെ സാന്നിധ്യം റഗുലേറ്ററി കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം
തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ അംഗമായതിനെതിരെ ഹൈക്കോടതിയിൽ ഹരജി. റഗുലേറ്ററി കമ്മീഷനിലെ ടെക്‌നിക്കൽ അംഗം ബി.പ്രദീപിന്റെ നിയമനത്തിനെതിരെയാണ് ഹരജി. മുൻ ഉദ്യോഗസ്ഥന്റെ സാന്നിധ്യം റഗുലേറ്ററി കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലെ ടെക്‌നിക്കൽ അംഗമായി മുൻ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബി. പ്രദീപിനെ നിയമിച്ചതാണ് വിവാദങ്ങൾ ഇടയാക്കിയത്. ഒരു റെഗുലേറ്ററി ബോഡിയിൽ, തങ്ങൾ നിയന്ത്രിക്കേണ്ട ലൈസൻസിയായ കെഎസ്ഇബിയുടെ മുൻ ഉദ്യോഗസ്ഥനെ അംഗമായി നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ ആക്ഷേപം.
കെഎസ്ഇബിയിലെ സിപിഎം അനകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ അംഗമായിരുന്നു ബി.പ്രദീപ്. പ്രദീപിന്റെ നിയമനത്തിന് പിന്നിൽ ഉപഭോക്തൃ താല്പര്യത്തിനപ്പും കെഎസ്ഇബിയുടെ താത്പര്യം സംരക്ഷിക്കാനുള്ള നീക്കമുണ്ടോ എന്നതാണ് ഹരജിക്കാരൻ ഉന്നയിക്കുന്ന ചോദ്യം.
വൈദ്യുതി ചാർജ് വർധന ഉൾപ്പെടെ കെഎസ്ഇബിയുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കേണ്ട കെഎസ്ഇആർഇസിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഈ നിയമനം എന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. സോളാർ വൈദ്യുതി ഉപഭോക്താക്കൾക്ക് അമിത ചാർജ് ഈടാക്കാന് നിർദേശിക്കുന്ന കരട് നിർദേശമടക്കം റഗുലേറ്ററി കമ്മീഷന് മുന്നിലിരിക്കെയാണ് കമ്മീഷൻ അംഗത്തിന്റെ നിയമനം കോടതി കയറിയിരിക്കുന്നത്