പിണറായിയുടെ പ്രസംഗത്തിൽ 'തെറ്റുമില്ല, തിരുത്തുമില്ല'; യുഡിഎഫിനെതിരെ രൂക്ഷവിമർശനം മാത്രം

വഖഫ് ബോർഡ് വിഷയത്തിലും വന്ദേമാതരം ആലപിക്കുന്നതിലും വർഗീയതയെ അനുകൂലിക്കുന്ന നിലപാടുകളാണ് വി.ഡി സതീശൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്

Update: 2026-09-15 16:15 GMT

കോഴിക്കോട്: തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കൾ സമ്മതിക്കുകയും വിപുലീകൃത സംസ്ഥാന സമിതിയിൽ തിരുത്തൽ രേഖ അംഗീകരിക്കുകയും ചെയ്യുമ്പോഴും തെറ്റെന്നോ തിരുത്തലെന്നോ പരാമർശിക്കാതെ പിണറായി വിജയൻ. പകരം യുഡിഎഫ് സർക്കാരിനെയും ആർഎസ്എസിനെയും ബന്ധിപ്പിച്ചുകൊണ്ട് രൂക്ഷവിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്.

ആർഎസ്എസ് നിലപാടിനോട് യോജിക്കുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. വഖഫ് ബോർഡ് വിഷയത്തിലും വന്ദേമാതരം ആലപിക്കുന്നതിലും വർഗീയതയെ അനുകൂലിക്കുന്ന നിലപാടുകളാണ് വി.ഡി സതീശൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ബിജെപി ഉൾപ്പെടെയുള്ള ശക്തികൾ തീവ്രശ്രമത്തിലാണെന്നും പിണറായി വിജയൻ ആരോപിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവർ കൈകാര്യം ചെയ്തിരുന്ന വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിംകളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചപ്പോൾ അതിനെതിരെ എൽഡിഎഫ് സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും അമുസ്‌ലിംകളെ നിയമിക്കാതെ ഒഴിവാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ ലീഗിൻ്റെ മന്ത്രിക്ക് ചുമതല വന്നപ്പോൾ ബോർഡ് പിരിച്ചുവിട്ട് അമുസ്‌ലിംകളെ ഉൾപ്പെടുത്തി പുതിയ ബോർഡ് ഉണ്ടാക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. സുപ്രിംകോടതിയിലും ആർഎസ്എസ് നിലപാടിനോട് ചേർന്നുനിൽക്കുന്ന സമീപനമാണ് ലീഗ് ഉയർത്തിയത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ ലീഗിൻ്റെ ഈ നിലപാട് ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിൽ കീഴടങ്ങുന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് കാണുന്നത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിൽ ആർഎസ്എസ് വേദിയിൽ ചൊല്ലുന്ന രീതിയിൽ വന്ദേമാതരം ആലപിച്ചത് ആർഎസ്എസിനെ പ്രീണിപ്പിക്കുന്നതിൻ്റെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആർഎസ്എസ് അജണ്ട സ്വീകരിക്കുന്നതിൻ്റെ വക്കിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പശ്ചാത്തലമുള്ളവരെ വൈസ് ചാൻസലർമാരായി നിയമിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണ്. ആർഎസ്എസ് അജണ്ടയ്‌ക്കൊത്ത് പ്രവർത്തിക്കുകയും വർഗീയതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടേണ്ടതാണെന്നും ഇതിനായി സിപിഎം കൂടുതൽ കരുത്ത് നേടണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.

നേരത്തെ മതാടിസ്ഥാനത്തിലല്ലാതിരുന്ന ഇന്ത്യൻ പൗരത്വം ഇപ്പോൾ മതാടിസ്ഥാനത്തിലാക്കുന്ന സാഹചര്യമാണുള്ളത്. ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) പ്രഖ്യാപിച്ചപ്പോൾ അത് സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് നിശ്ചയദാർഢ്യത്തോടെ പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളെ പുറത്താക്കുന്നത് ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ്. ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Full View

Full View

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - Web Desk

contributor

Similar News