'വെള്ളാപ്പള്ളി ആര്‍എസ്എസിന്‍റെ നാവ് കടമെടുത്തയാൾ'; പുകഴ്ത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു

വെള്ളാപ്പള്ളി നടേശൻ സഖാവ് വി.എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം

Update: 2025-04-12 07:01 GMT
Editor : Jaisy Thomas | By : Web Desk

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുകഴ്ത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ വാചകങ്ങൾ വീണ്ടും ചർച്ചയാകുന്നു. കോഴിക്കോട് മാൻ ഹോളിൽ മരണപ്പെട്ട നൗഷാദിനെ കുറിച്ച് പറഞ്ഞ വാചകങ്ങളും ആർഎസ്എസിന്‍റെ നാവ് കടമെടുത്ത ആളാണ് വെള്ളാപ്പള്ളി എന്നുമുള്ള മുഖ്യമന്ത്രിയുടെ പഴയ നിലപാട് ചർച്ചകൾക്ക് വഴി തുറന്നിട്ടുള്ളത്. വെള്ളാപ്പള്ളിയെക്കുറിച്ച് 10 വർഷം മുമ്പ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നത്.

‘അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്‍റെ പ്രഭ ഇല്ലാതാക്കാൻ ഒരു വർഗീയ ഭ്രാന്തിനും കഴിയില്ല’ -എന്നായിരുന്നു 2015 നവംബർ 29നുള്ള ഒരു പോസ്റ്റ്.

Advertising
Advertising

‘ആർ എസ് എസിന്‍റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി.എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തിൽ എത്തിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം . അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. "മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം."എന്ന ശ്രീനാരായണ വാക്യം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വർഗീയ ഭ്രാന്തിന്‍റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തിൽ വിജയിക്കില്ല’ എന്നാണ് 2015 ഒക്ടോബർ അഞ്ചിനുള്ള പോസ്റ്റിൽ കുറിച്ചത്.

ആലപ്പുഴ ചേർത്തലയിൽ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചത്. വെള്ളാപ്പള്ളി നടേശൻ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്നും അസാധരണമായ കർമശേഷിയും നേതൃ പാടവും കാണിച്ചെന്നുമാണ് പിണറായി പറഞ്ഞത്. കേരളത്തിന് ഒരുപാട് സംഭവനകൾ നൽകിയ എസ്എൻഡിപിയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂർത്തിയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളു. സാക്ഷാൽ കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിൻ്റെയും അമരക്കാരനായും അദേഹം തുടരുകയാണ്. രണ്ട് സുപ്രധാനമായ പദവികളിൽ ഒരേ സമയം എത്തി നിൽക്കുകയാണ്. കൂടുതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചിരുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News