കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്രൂരമായ റാഗിങ്ങിന് ഇരയായതായി പരാതി
തിരുവനന്തപുരം പാറശ്ശാലയിലും റാഗിംഗ് പരാതി
കണ്ണൂർ: കണ്ണൂരിലും റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്. സീനിയർ വിദ്യാർത്ഥികൾ നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്ക് എതിരെ പോലീസിൽ പരാതി നൽകിയതായി സ്കൂൾ പ്രിൻസിപ്പൾ മീഡിയവണ്ണിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനുശേഷം വെള്ളം കുടിക്കാൻ പുറത്ത് ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർത്ഥികൾ തടഞ്ഞു വയ്ക്കുകയും മുഖത്തടിക്കുകയും ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ചതോടെ അടിച്ചു വീഴ്ത്തുകയും നെഞ്ചിലും ഇടതു കൈയിലും ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ഇടതു കൈയിലെ എല്ലുകൾ പൊട്ടി. രാത്രിയോടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാർത്ഥി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചത് സ്ഥിരം പ്രശ്നക്കാരായ വിദ്യാർഥികൾ ആണെന്നും ഇവർക്കെതിരെ കൊളവല്ലൂർ പോലീസിൽ പരാതി നൽകിയതായും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം പാറശ്ശാലയിലും റാഗിംഗ് പരാതി ലഭിച്ചിട്ടുണ്ട്. CSI ലോ കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതിൽനാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. നെടുമങ്ങാട് സ്വദേശിക്കാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെനോ , വിജിൻ, ശ്രീജിത് , അഖിൽ എന്നീ സീനിയർ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.