ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റില്‍

അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്

Update: 2023-04-04 02:58 GMT
Editor : Shaheer | By : Web Desk

കൊല്ലം: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസിന്‍റെ പിടിയിൽ. കാറിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കൊല്ലം റൂറൽ പൊലീസിന്‍റെ ഡാൻസാഫ് ടീമും ചടയമംഗലം പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിലമേലിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പൊലീസ് പിടിയിലായത്. MC റോഡ് വഴി കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം ജില്ല മുതൽ വാഹനം പിന്തുടരുകയായിരുന്നു.

Advertising
Advertising

ചടയമംഗലം പൊലീസിന്‍റെ സഹായത്തോടെയാണ് നിലമേലിൽവച്ച് ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. രണ്ടു കിലോ വീതമുള്ള 20 പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.

വാഹനത്തിൽനിന്ന് ഒഡിഷയിലെയും ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒഡിഷയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചടയമംഗലം പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

Summary: Police arrested two youths with 52 kg cannabis in Chadayamangalam, Kollam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News