ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദനം ; വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ഷാഫി പറമ്പിലിനെ മർദിച്ചത് കാട്ടുനീതി- കെ.സി.വേണുഗോപാൽ

Update: 2025-10-11 08:10 GMT

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപകപ്രതിഷേധം. കോഴിക്കോട് ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഐജി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടർന്ന്, നടത്തിയ റോഡ് ഉപരോധവും തർക്കത്തിൽ കലാശിച്ചു.

പ്രവർത്തകർ റോഡ് ഉപരോധിച്ചതിന് സമീപത്ത് കൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ തർക്കവുമായി പ്രവർത്തകർ രംഗത്തെത്തി. ഡിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. കാസർകോട് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

Advertising
Advertising

എറണാകുളത്ത് ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും യൂത്ത് കോണ്ഗ്രസ് പ്രതിഷേധിച്ചു. കരിങ്കൊടി ഉയർത്തിയും ദേഹത്ത് കരി ഓയിൽ ഒഴിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി എത്തുന്നതിനുമുൻപ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തു.

ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദനത്തിനെതിരെ തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ശനിയാഴ്ച വൈകീട്ട് പേരാമ്പ്രയിൽ നടക്കുന്ന പ്രതിഷേധമാർച്ച് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ഷാഫി പറമ്പിലിനെ മർദിച്ചതിനെ കാട്ടുനീതിയെന്നാണ് കെ.സി.വേണുഗോപാൽ വിശേഷിപ്പിച്ചത്. കേരളത്തിൽ നടന്ന വലിയ കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷാഫി പറമ്പിലിന് നേരെയുള്ള പൊലീസ് മർദനമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന് നേരെയുണ്ടായത് സർക്കാർ സ്‌പോൺസർഡ് ആക്രമണമാണെന്ന് എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. ഷാഫി പറമ്പിലിനെതിരായ നിരന്തരമായ അതിക്രമം നീതീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തലയും സംഘർഷം ഉണ്ടായപ്പോൾ തടയാനെത്തിയ ഷാഫി പറമ്പിലിനെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയതെന്ന് കെ.മുരളീധരനും പറഞ്ഞു.

അതേസമയം, ഷാഫി പറമ്പിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സിപിഎം ജില്ല സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. പൊലീസ് ലാത്തിവീശിയത് ഷാഫിക്ക് നേരെയല്ല. ഷാഫി പറമ്പിൽ പ്രകടനെത്തിയ ഉടൻ പൊലീസുമായി തട്ടിക്കയറി. ആളുകളെ വിരട്ടിയോടിക്കാനാണ് പൊലീസ് ലാത്തിവീശിയതെന്നും സിപിഎം ജില്ല സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. ഷാഫി പറമ്പിൽ പ്രകടനെത്തിയ ഉടൻ പൊലീസുമായി തട്ടിക്കയറി. ആളുകളെ വിരട്ടിയോടിക്കാനാണ് പൊലീസ് ലാത്തിവീശിയത.് എം.പിക്ക് പരിക്കുണ്ടായത് തന്നെ നിഗൂഢമാണെന്നും എം.മെഹബൂബ് പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News