പരിക്കേറ്റത് കണ്ണീർവാതക പ്രയോഗത്തിലെന്ന വാദം കളവ്; ഷാഫി പറമ്പിൽ എംപിയെ പൊലീസ് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.
Photo|MediaOne
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ പൊലീസ് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വാദം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ദൃശ്യങ്ങളിൽ കാണാം.
ഷാഫി പറമ്പിലിന്റെ തലയ്ക്കും മുഖത്തും പൊലീസ് ലാത്തി ഉപയോഗിച്ച് മനഃപൂർവം മർദിച്ചെന്ന് ഇന്നലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ കണ്ണീർ വാതകപ്രയോഗത്തിലാണ് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വാദം. എംപിയും കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടാവുന്നതിനിടെയായിരുന്നു ലാത്തി കൊണ്ടുള്ള അടി.
തല്ലുന്ന പൊലീസുകാരന്റെയും എംപിയുടേയും മുഖവും ലാത്തിയടിയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പൊലീസ് അതിക്രമത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് ഷാഫി പറമ്പിലിനെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
പുതിയ ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതിനിടെ, ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ എട്ട് എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിൽ രാത്രി നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലം ചവറയിലും പാലക്കാടും കൽപ്പറ്റയിലും യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. ഇന്നും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.