ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോൺ കവരത്തി പൊലീസ് പിടിച്ചെടുത്തു

ഫോൺ നമ്പര്‍ എഴുതിയെടുക്കാന്‍ പോലും സാവകാശം ലഭിച്ചില്ലെന്ന് ഐഷ സുല്‍ത്താന.

Update: 2021-06-25 12:51 GMT
Advertising

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പൊലീസ് പിടിച്ചെടുത്തു. നാളെ കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് മുന്നറിയിപ്പിലാതെ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, ഫോൺ നമ്പര്‍ എഴുതിയെടുക്കാന്‍ പോലും സാവകാശം ലഭിച്ചില്ലെന്ന് ഐഷ സുല്‍ത്താന പ്രതികരിച്ചു. 

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഐഷ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കാണുന്നില്ല. ഐഷയുടെ പരാമർശത്തെ രാജ്യദ്രോഹപരമായോ ഭിന്നിപ്പ് ഉണ്ടാക്കുന്നതായോ കാണാനാകില്ല. ബയോവെപ്പണ്‍ എന്ന പദം മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്‍റെ ആകെ ഉദ്ദേശ്യം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 

ബയോ വെപ്പൺ പരാമർശം നടത്തിയതിന്‍റെ പേരിൽ കവരത്തി പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ചൂണ്ടികാട്ടിയാണ് ഐഷ കോടതിയെ സമീപിച്ചത്. നേരത്തെ മുൻകൂർ ജാമ്യം തേടിയ ആയിഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചത്. ഇതനുസരിച്ച് മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം ഐഷയെ പൊലിസ് ചോദ്യം ചെയ്തിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News