കോഴിക്കോട് മെഡി.കോളജിലെ പുക: ഇന്നലത്തെ ഷോർട്ട് സർക്യൂട്ട് അപകടവും അന്വേഷിക്കും; പ്രത്യേകം കേസെടുക്കേണ്ടെന്ന് പൊലീസ്
പുക ഉയർന്നതിൽ അട്ടിമറി ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നുണ്ടായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പരിധിയില്‍ ഇന്നലത്തെ ഷോർട്ട് സർക്യൂട് അപകടവും ഉള്‍പ്പെടുത്താന്‍ പൊലീസ്. ആറാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ട് അപകടത്തിൽ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. അതേസമയം, വെള്ളിയാഴ്ച കെട്ടിടത്തിലാകെ പുക ഉയർന്നതിൽ അട്ടിമറി ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ആറാം നിലയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിൽ പ്രത്യേക പരിശോധന നടത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും തീരുമാനിച്ചിട്ടുണ്ട്. ഇവിടത്തെ നിരവധി ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
അതേസമയം, കെട്ടിടത്തിന്‍റെ നിര്‍മാണത്തിലെ അപാകതകളെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഇന്ന് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. കേന്ദ്ര ഫണ്ടുള്‍പ്പെടെ 195കോടിയോളം രൂപ ചെലവിട്ടാണ് അത്യാഹിത വിഭാഗമുള്‍പ്പെട്ട പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്.