'ലാളിത്യമാർന്ന ഇടപെടല്‍, രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം': കാനത്തില്‍ ജമീലയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം
നല്ല സുഹൃത്തിനെയാണ് നഷ്ടമായതെന്ന് കെ.കെ രമ
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീലയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടിയവരായിരുന്നു കാനത്തില്‍ ജമീലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
ത്രിതല പഞ്ചായത്ത് തലത്തിൽ തുടങ്ങി നിയമസഭയിൽ എത്തിയ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നല്ല സുഹൃത്തിനെയാണ് നഷ്ടമായതെന്ന് കെ.കെ രമ അനുസ്മരിച്ചു. വിടവാങ്ങിയത് സിപിഎമ്മിന്റെ സൗമ്യമുഖമെന്ന് എം.എ ബേബിയും അനുസ്മരിച്ചു.
വിയോഗം വളരെ ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിയമസഭയിലെ ചടുലമായ പ്രസംഗങ്ങൾ, ഇടപെടലുകൾ, കൊയിലാണ്ടി മണ്ഡലത്തിന്‍റെ വികസനത്തിന് വേണ്ടി നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും വീണാ ജോര്‍ജ് അനുസ്മരിച്ചു.
മികച്ചൊരു നിയമസഭാ സാമാജികയെയാണ് നഷ്ടമായതെന്ന് എം.കെ മുനീര്‍ പറഞ്ഞു. അസുഖബാധിതയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു, സുഖവിവരങ്ങൾ തിരക്കുമ്പോഴെല്ലാം, അസുഖം ഭേദമായി പൊതുരംഗത്തേക്ക് തിരിച്ചു വരുമെന്ന തികഞ്ഞ ആത്മവിശ്വാസം അവർ പ്രകടിപ്പിക്കാറുണ്ടായിരുന്നവെന്നും എം.കെ മുനീര്‍ പറഞ്ഞു.