വിചിത്ര സഖ്യങ്ങള്‍,അപ്രതീക്ഷിത ട്വിസ്റ്റുകള്‍; തദ്ദേശ ഭരണത്തിനായി സംസ്ഥാനത്തുടനീളം രാഷ്ട്രീയ അട്ടിമറികള്‍
ഭരണത്തിന് ബിജെപി അംഗങ്ങളുമായി കൈകോർത്ത തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ കർശന നടപടിയുമായി കെപിസിസി
തിരുവനന്തപുരം: അപ്രതീക്ഷിത മാറ്റങ്ങളും , വിചിത്ര സഖ്യങ്ങളും കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ചില തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്.തെക്കൻ ജില്ലകളിൽ നടന്നത് അപ്രതീക്ഷിത നീക്കങ്ങളാണ്. തിരുവനന്തപുരത്ത് പാങ്ങോടും പത്തനംതിട്ട അയിരൂരിലും കൊല്ലം ചിറക്കരയിലുമുണ്ടായത് നിർണായക നീക്കങ്ങൾ.
എറണാകുളത്ത് ട്വന്റി 20യുടെ പിന്തുണയില്‍ അധ്യക്ഷസ്ഥാനം യുഡിഎഫിന് ലഭിച്ചതും , എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ടില്‍ യുഡിഎഫ് അംഗം അധ്യക്ഷനായതുമുള്‍പ്പെടെ രാഷ്ട്രീയ അട്ടിമറികളുടെ നിരതന്നെ പലയിടത്തുമുണ്ടായി. വടക്കൻ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്തിൽ ആര്‍ജെഡി അംഗം വോട്ട് മാറി ചെയ്തതിലൂടെ യുഡിഎഫ് പ്രതിനിധി പ്രസിഡന്റായി. മൂടാടി പഞ്ചായത്തിൽ എല്‍ഡിഎഫ് അംഗം പ്രസിഡന്‍റായത് അട്ടിമറിയിലൂടെയാണെന്ന് യുഡിഎഫ് ആരോപിച്ചു. പാലക്കാട് അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി പ്രസിഡന്റായി. കാസർകോട്ട് ഉദുമയിൽ പ്രസിഡന്റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതോടെ ഭരണം യുഡിഎഫിന് നഷ്ടമായി. മലപ്പുറം തിരുവാലിയിൽ യുഡിഎഫിലെ തർക്കത്തെ തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
അതേസമയം, തദ്ദേശ ഭരണത്തിന് ബിജെപി അംഗങ്ങളുമായി കൈകോർത്ത തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ കർശന നടപടിയുമായി കെപിസിസി. തെരഞ്ഞെടുപ്പിൽ വിജയിച്ച എട്ട് അംഗങ്ങളെയും പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സഖ്യചർച്ച നടത്തിയ ഡിസിസി ഭാരവാഹിയെയും ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയെയും നേരത്തെ പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതൽ പുറത്താക്കലുമായി നേതൃത്വം നടപടി കടുപ്പിക്കുന്നത്. വിമതയുടെ പിന്തുണയോടെ എൻഡിഎക്കൊപ്പം സഹകരിച്ചാണ് എൽഡിഎഫിനെതിരെ കോൺഗ്രസ് ഭരണം പിടിച്ചത്. വ്യാപകമായ പ്രതിഷേധങ്ങൾക്ക് കളമൊരുങ്ങിയതോടെയാണ് കോൺഗ്രസ് അംഗങ്ങളെ പുറത്താക്കി കടുത്ത നടപടിയുമായി രംഗത്തെത്തിയത്.