ആ ശരറാന്തല്‍ അണഞ്ഞു.. വിടവാങ്ങിയത് അനശ്വര ഗാനങ്ങളുടെ ശില്‍പ്പി

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ.. ശരറാന്തൽ തിരിതാഴും.. ഉള്‍പ്പെടെ മലയാളി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി ​ഗാനങ്ങൾ പൂവച്ചൽ ഖാദറിന്റെ തൂലികയിൽ പിറന്നതാണ്

Update: 2021-06-22 00:48 GMT

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 75 വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണം. വ്യത്യസ്ത തലമുറകളെ പാട്ടിന് മുന്നില്‍ പിടിച്ചിരുത്തിയ വരികളായിരുന്നു പൂവച്ചല്‍ ഖാദറിന്റേത്. രണ്ടായിരത്തോളം ഗാനങ്ങളാണ് പൂവച്ചലിന്റെ വിരലുകളിലൂടെ മലയാള സംഗീത ലോകത്തിന് ലഭിച്ചത്.

മലയാള ഗാനങ്ങള്‍ക്ക് ദൃശ്യവത്കരിക്കപ്പെട്ടതും അല്ലാത്തതുമായ രണ്ട് കാലഘട്ടങ്ങളുണ്ട്. ഈ രണ്ട് കാലത്തെയും ഗാനങ്ങളെ സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനായിരുന്നു പൂവച്ചല്‍ ഖാദര്‍. തിരുവനന്തപുരത്തുകാരുടെ ഖാദറിക്ക.

Advertising
Advertising

സ്കൂള്‍ പഠന കാലത്ത് കയ്യെഴുത്ത് മാസികയില്‍ കവിതയെഴുതിയാണ് പൂവച്ചലിന്റെ തുടക്കം. മലയാള രാജ്യത്തിലടക്കം പൂവച്ചലിന്റെ കവിതകള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി കോഴിക്കോട് എത്തിയതോടെ പൂവച്ചല്‍ മലയാള ഗാനശാഖയെ രൂപകല്‍പ്പന ചെയ്യുന്നതാണ് കേരളം കണ്ടത്. 1972ല്‍ കവിത എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയാണ് ചലച്ചിത്ര ഗാനരചനയിലേക്ക് കാലെടുത്തുവെച്ചത്.

ഖാദറിന്റെ നാടക ഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീത ജീവിതത്തിന്റെ ഭാഗമാണ്. അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം മലയാളി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി ​ഗാനങ്ങൾ പൂവച്ചൽ ഖാദറിന്റെ തൂലികയിൽ പിറന്നതാണ്. സിനിമാ ലോകത്തെ പ്രമുഖരായിരുന്ന കെ ജി ജോര്‍ജ്, പി എന്‍ മേനോന്‍, ഐ വി ശശി, ഭരതന്‍, പത്മരാജന്‍ അടക്കമുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ പാട്ടുകളെഴുതിയിട്ടുണ്ട് പൂവച്ചല്‍ ഖാദര്‍. തിരുവനന്തപുരം കോട്ടൂര്‍ വനപ്രദേശത്തിന് സമീപത്തെ കൊച്ചുഗ്രാമമായ പൂവച്ചലിന് പ്രശസ്തി നേടിക്കൊടുത്ത കവി കൂടിയാണ് ഓര്‍മ്മകളുടെ പാട്ടുകെട്ട് അഴിച്ച് വിടവാങ്ങുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News