പൂവാർ ലഹരിപ്പാർട്ടി; അന്വേഷണത്തിന് പ്രത്യേക സംഘം

റിസോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും

Update: 2021-12-06 09:43 GMT

തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ എസ്.വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. റിസോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും

പാര്‍ട്ടി സംഘടിപ്പിച്ച നിര്‍മ്മാണ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. പാർട്ടിയിൽ പങ്കെടുത്ത മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടായേക്കും. അതേസമയം തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ടെന്നും പരിസരവാസികളില്‍ നിന്ന് അന്വേഷണവൃത്തങ്ങള്‍ മനസിലാക്കി.

Advertising
Advertising

ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി ഇവിടെ നടന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്വീപിന് നടുവിലായത് കൊണ്ട് തന്നെ ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. നിരവധി തവണ പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുഖ്യപ്രതി അക്ഷയ് മോഹന്‍ വാട്‌സ് ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്. പീറ്റര്‍ഷാന്‍, അതുല്‍ എന്നിവര്‍ ആളുകളെ റിസോര്‍ട്ടില്‍ എത്തിച്ചു. ഇവരടക്കം നാലുപേര്‍ എക്‌സൈസ് കസ്റ്റഡിയില്‍ ആണ്.

പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്നാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘത്തിന്‍റെ നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News