കേസെടുത്തതിന് പിന്നിലെ പോറ്റി പാട്ടുകൾ അപ്രത്യക്ഷം; കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു
മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച വീഡിയോകളാണ് പിൻവലിച്ചത്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോറ്റിയെ കേറ്റിയെ പാരഡി പാട്ടുകൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു.പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച വീഡിയോകളാണ് പിൻവലിച്ചത് . വീഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
അതേസമയം കേസെടുത്തതിന് പിന്നാലെ കേസിൽ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ചോദ്യം ചെയ്യും. പാട്ട് എഡിറ്റ് ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം പരിശോധിക്കും. പാട്ടിന്‍റെ രചയിതാവ്, ഗായകൻ ഉൾപ്പെടെ നാലു പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വീഡിയോ പോസ്റ്റ് ചെയ്തവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. കൂടുതൽ പേർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. വീഡിയോ മത വികാരം വ്രണപ്പെടുത്തുന്നത് എന്നാണ് എഫ്ഐആർ. തിരുവനന്തപുരം സൈബർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക.