വില കൂടി; തേങ്ങാകള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി കർഷകർ
വാതിൽ കുത്തിപ്പൊളിച്ച് 250 തേങ്ങകൾ മോഷ്ടിച്ചതായി പരാതി
കാസർകോട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയതോടെ മോഷണവും വ്യാപകമായി. കാസർകോട് നൊക്രാജെയിൽ മുറിയുടെ വാതിൽ കുത്തിപ്പൊളിച്ച് 250 തേങ്ങകൾ മോഷ്ടിച്ചതായി പരാതി. നെക്രാജെ അർളടുക്ക അലങ്കോൽ സ്വദേശി നാരായണൻ്റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്‌ച വൈകീട്ടാണ് മോഷണ വിവരം അറിയുന്നത്. അലങ്കോലിലെ കുതിരത്തായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിലാണ് തേങ്ങകൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ രണ്ടുപേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്ത്.
രണ്ട് ദിവസം മുൻപ് കാഞ്ഞങ്ങാട്, തീർത്ഥങ്കരയിൽ നിന്നും 200 തേങ്ങകളും മോഷണം പോയി. സംഭവത്തിൽ കോഴിക്കോട്, ചേവായൂർ, നെല്ലിക്കോട്, നൂഞ്ഞിയിൽ ഹൗസിലെ എൻ പ്രശാന്തിന്റ പരാതിയിൽ ഹൊസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു.
പരാതിക്കാരന്റെ തീർത്ഥങ്കരയിലുള്ള ഭാര്യയുടെ വീട്ടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്. കാസർകോട് മുണ്ട്യത്തടുത്ത പള്ളത്തെ സ്വകാര്യ ഓയിൽ മില്ലിൽ സൂക്ഷിച്ചിരുന്ന 25 ചാക്ക് ചിരട്ട ജൂൺ 16 ന് മോഷണം പോയിരുന്നു. പച്ചമ്പള സ്വദേശി സക്കരിയ്യയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ളോർ ഓയിൽ മില്ലിലാണ് കവർച്ച നടന്നത്.
സംഭവത്തിൽ രണ്ടു കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റു ചെയ്തു. കാവിലമ്പാറ അരുണിത്തറ സ്വദേശി എടി അരുൺ(28), ചാത്തങ്കോട് നട സ്വദേശി അൽത്താഫ്(25) എന്നിവരാണ് ബദിയടുക്ക പൊലീസിൻ്റെ പിടിയിലായത്. തേങ്ങവില ഉയർന്നു കൊണ്ടിരിക്കെ തോട്ടങ്ങളിൽ നിന്നു തേങ്ങയും ചിരട്ടയും മോഷണം പതിവായതിൽ കർഷകർ ആശങ്കയിലാണ്.