കണ്ണൂർ കല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റില്‍
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മഞ്ജുനാഥ് പിടിയിലായത്.
അറസ്റ്റിലായ ഹാസൻ സ്വദേശി മഞ്ജുനാഥ്- Photo-Mediaonenews
കണ്ണൂർ: കല്യാട്ടെ വീട്ടിൽ നിന്നും 30 പവനും 4 ലക്ഷം രൂപയും കവർന്ന കേസിൽ കർണാടക സ്വദേശിയായ പൂജാരി അറസ്റ്റിൽ. ഹാസൻ സ്വദേശി മഞ്ജുനാഥാണ് പൊലീസിൻ്റെ പിടിയിലായത്.
ചുങ്കസ്ഥാനം സ്വദേശി എ.പി സുഭാഷിൻ്റെ വീട്ടിൽ നിന്ന് കർണാടക സ്വദേശിയായ ഭാര്യ ദര്‍ഷിതയാണ് പണവും ആഭരണവും കവർന്നത്. കഴിഞ്ഞ ആഗസ്ത് 22ന് ആഭരണവും പണവും കവർന്ന് നാടുവിട്ട ദർഷിത, കർണാടകയിലെ സാലി ഗ്രാമിൽ കൊല്ലപ്പെട്ടിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിനെ പിടികൂടിയിരുന്നെങ്കിലും കവർച്ച ചെയ്ത ആഭരണങ്ങളും പണവും കണ്ടെത്താനായിരുന്നില്ല. എന്നാൽ കൊല്ലപ്പെടും മുൻപ് പണവും ആഭരണവും അടങ്ങിയ ബാഗ് ഒരാൾക്ക് കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മഞ്ജുനാഥ് പിടിയിലായത്.
ദർഷിതയുടെ വീട്ടിൽ നടന്ന പൂജയുമായി ബന്ധപ്പെട്ട് കുടുംബം മഞ്ജുനാഥിന് പണം നൽകാനുണ്ടായിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മോഷ്ടിച്ച പണത്തിൽ 2 ലക്ഷം രൂപ പൂജാരിക്ക് നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത്. കർണാടക ബിലിക്കരെയിൽ വെച്ച് പണമടങ്ങിയ പൊതിയാണ് ദർഷിത മഞ്ജുനാഥിന് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി.
സുഭാഷിൻ്റെ വീട്ടുകാർ നൽകിയ മോഷണ പരാതി കേരള പൊലീസും ഭർഷിതയുടെ കൊലപാതകം കർണാടക പൊലീസുമാണ് അന്വേഷിക്കുന്നത്.