'വാക്കുകൾ അപക്വമായാൽ അവ അനർഥങ്ങളുണ്ടാക്കും, അപാകങ്ങൾക്ക് വഴിവെക്കും': വെള്ളാപ്പള്ളിക്ക് തുറന്ന കത്തുമായി പ്രൊഫ എ.പി അബ്ദുൽ വഹാബ്‌

''ഗുരുവിന്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ, നാടിന്റെ നൻമയോർത്ത് താങ്കൾ നിലപാട് തിരുത്തണമെന്നും അബ്ദുൽവഹാബ്

Update: 2026-01-06 09:18 GMT

കോഴിക്കോട്: വാക്കുകൾ അപക്വമായാൽ അവ അനർത്ഥങ്ങളുണ്ടാക്കുമെന്നും അപാകങ്ങൾക്ക് വഴി തുറക്കുമെന്നുമുള്ള വിഖ്യാത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കറിന്റെ നിരീക്ഷണം ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി നടേശന് കത്തുമായി നാഷണല്‍ ലീഗ് നേതാവ് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്. 

വെള്ളാപ്പള്ളി നടേശൻ ഈയിടെയായി നടത്തുന്ന പ്രസ്താവനകൾ അങ്ങേയറ്റം അപക്വവും സമൂഹത്തിൽ അകൽച്ചയുടെയും അസ്വാരസ്യങ്ങളുടെയും അനർത്ഥങ്ങൾക്ക് വഴി തുറക്കുന്നവയുമാണെന്നും അബ്ദുല്‍വഹാബ് പറയുന്നു. ഗുരുവിൻ്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ, നാടിൻ്റെ നൻമയോർത്ത് താങ്കൾ നിലപാട് തിരുത്തണം- കത്തില്‍ പറയുന്നു.

Advertising
Advertising

' മലപ്പുറം ജില്ലക്കെതിരെ താങ്കൾ നടത്തിയ ആദ്യത്തെ വിവാദ പ്രസ്താവനയുടെ തൊട്ടടുത്ത ദിവസം ഞങ്ങൾ താങ്കളെ വീട്ടിൽ വന്നുകണ്ട കാര്യം ഓർമ്മയുണ്ടാകുമല്ലോ. തെറ്റിദ്ധാരണയകറ്റാനും സ്നേഹബുദ്ധ്യാ താങ്കളെ തിരുത്താനുമായിരുന്നു ഞങ്ങളന്ന് വന്നത്. തൻ്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ക്ഷമാപണം നടത്തുമെന്നുമാണ് താങ്കളന്ന് ഞങ്ങളോട് പറഞ്ഞത്. പക്ഷേ, മീഡിയയുടെ മുമ്പിൽ താങ്കൾ അത് മറച്ചുവെച്ചു. പതിയെ കൂടുതൽ അപക്വമായ പ്രസ്താവനകളിൽ താങ്കൾ അഭിരമിക്കുന്നതായാണ് പിന്നീട് കാണാനായത്'- കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്:

വിഖ്യാത ചിന്തകൻ ഫ്രാൻസിസ് ബേക്കൻ്റെ പ്രശസ്തമായൊരു നിരീക്ഷണമുണ്ട്; "വാക്കുകൾ അപക്വമായാൽ അവ അനർത്ഥങ്ങളുണ്ടാക്കും, അപാകങ്ങൾക്ക് വഴി തുറക്കും"

ശ്രീ. വെള്ളാപ്പള്ളി നടേശൻ, താങ്കൾ ഈയിടെയായി നടത്തുന്ന പ്രസ്താവനകൾ അങ്ങേയറ്റം അപക്വവും സമൂഹത്തിൽ അകൽച്ചയുടെയും അസ്വാരസ്യങ്ങളുടെയും അനർത്ഥങ്ങൾക്ക് വഴി തുറക്കുന്നവയുമാണ്.

സാഹോദര്യത്തിൻ്റെയും സഹിഷ്ണുതയുടെയും സമഭാവത്തിൻ്റെയും ഉദാത്ത സന്ദേശവുമായി വന്ന ശ്രീ നാരായണ ഗുരുവിൻ്റെ മഹിതനാമത്തിൽ രൂപം കൊണ്ട ഒരു മഹാപ്രസ്ഥാനത്തിൻ്റെ ഉച്ചിസ്ഥാനത്തിരുന്നു കൊണ്ടാണ് താങ്കൾ ഗുരുവിൻ്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയിൽ സംസാരിക്കുന്നത്. ഈ നിലപാട് താങ്കളെ പൊതു സമൂഹത്തിൽ ഏറെ ചെറുതാക്കുകയും പരിഹാസ്യനാക്കുകയുമാണ് ചെയ്യുന്നത്. മതനിരപേക്ഷതയോട് പ്രതിബദ്ധത പുലർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്യുന്ന മലയാളീ സമൂഹത്തിന് താങ്കളുടെ നിലപാട് തീർത്തും അസ്വീകാര്യമാണ്. അത് കൊണ്ട് തന്നെ, നാടിൻ്റെ നൻമയോർത്ത് താങ്കൾ നിലപാട് തിരുത്തണം.

മലപ്പുറം ജില്ലക്കെതിരെ താങ്കൾ നടത്തിയ ആദ്യത്തെ വിവാദ പ്രസ്താവനയുടെ തൊട്ടടുത്ത ദിവസം ഞങ്ങൾ താങ്കളെ വീട്ടിൽ വന്നുകണ്ട കാര്യം ഓർമ്മയുണ്ടാകുമല്ലോ. തെറ്റിദ്ധാരണയകറ്റാനും സ്നേഹബുദ്ധ്യാ താങ്കളെ തിരുത്താനുമായിരുന്നു ഞങ്ങളന്ന് വന്നത്. തൻ്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ക്ഷമാപണം നടത്തുമെന്നുമാണ് താങ്കളന്ന് ഞങ്ങളോട് പറഞ്ഞത്. പക്ഷേ, മീഡിയയുടെ മുമ്പിൽ താങ്കൾ അത് മറച്ചുവെച്ചു. പതിയെ കൂടുതൽ അപക്വമായ പ്രസ്താവനകളിൽ താങ്കൾ അഭിരമിക്കുന്നതായാണ് പിന്നീട് കാണാനായത്.

പൊതു നൻമക്ക് ഒട്ടും അഭികാമ്യമല്ലാത്ത താങ്കളുടെ പ്രസ്താവനകൾ ചിലരെയൊക്കെ സന്തോഷിപ്പിക്കുന്നുണ്ടാവാം. വിദ്വേഷത്തെ ഉപജീവനമാർഗ്ഗമായി കാണുന്ന അത്തരക്കാരിൽ പെട്ടതല്ല പൊതുസമൂഹം. ആയതിനാൽ വീണ്ടുമുണർത്തട്ടെ; നാടിൻ്റെ നൻമയോർത്ത് താങ്കൾ വിദ്വേഷ പ്രസ്താവനകളിൽ നിന്ന് പിൻവാങ്ങണം. സഹിഷ്ണുതയുടെ, സ്നേഹപ്പെരുമയുടെ ഹൃദ്യതയിലേക്ക് തിരിച്ചു വരണം.

ശുഭ പ്രതീക്ഷയോടെ,

എപി അബ്ദുൽ വഹാബ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Contributor - Web Desk

contributor

Similar News