സ്വതന്ത്ര ലൈംഗികതയും ലിബറലിസവും പ്രോത്സാഹിപ്പിക്കുന്നു:എസ്എഫ്‌ഐക്കെതിരെ സുന്നി വിദ്യാർഥി സംഘടനകൾ

നവാഗതരെ സ്വാഗതം ചെയ്തും സ്വതന്ത്ര ലൈംഗികതയെ പിന്തുണച്ചും ക്യാമ്പസുകളിൽ എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്ററുകളിൽ ചിലത് വിവാദമായിരുന്നു

Update: 2022-01-09 10:16 GMT
Editor : afsal137 | By : Web Desk

സ്വതന്ത്ര ലൈംഗികതയും ലിബറലിസവും പ്രോത്സാഹിപ്പിക്കുന്ന എസ്എഫ്‌ഐ നിലപാടിനെതിരെ സുന്നി വിദ്യാർത്ഥി സംഘടനകൾ. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയായ എസ് എസ് എഫ് ചോദിച്ചു. ചുവന്ന തെരുവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ് കെ എസ് എസ് എഫും ആരോപിച്ചത് കൂടുതൽ വാഗ്വാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്. അതേ സമയം വിപ്ലവത്തിന്റെ പേര് പറഞ്ഞ് ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്താണ് എസ് എഫ് ഐ എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രതികരിച്ചു.

Advertising
Advertising

നവാഗതരെ സ്വാഗതം ചെയ്തും സ്വതന്ത്ര ലൈംഗികതയെ പിന്തുണച്ചും ക്യാമ്പസുകളിൽ എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്ററുകളിൽ ചിലത് വിവാദമായിരുന്നു. സദാചാരവും കുടുംബ ബന്ധങ്ങളും തകർക്കുന്ന ലിബറലിസത്തിന്റെ പ്രചാരകരായി എസ് എഫ് ഐ മാറിയെന്നാണ് സുന്നി സംഘടനകളുടെ വിമർശനം. കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയാണ് അതിരൂക്ഷ വിമർശനവുമായി ആദ്യം രംഗത്തുവന്നത്. സമൂഹത്തിൽ അരാജകത്വമുണ്ടാക്കലാണ് ഇടതുവിദ്യാർഥി സംഘടനകളുടെ ലക്ഷ്യമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആശയങ്ങൾക്ക് മൂർച്ച കുറയുമ്പോൾ ആയുധങ്ങളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ അശ്ലീലതയിൽ അഭയം തേടിയെന്നും എസ് എസ് എഫ് കുറ്റപ്പെടുത്തി.

എന്നാൽ പുരോഗമന നാട്യം ചമയുന്ന എസ്എഫ്‌ഐക്ക് കമ്മ്യൂണിസവും മാർക്‌സിസവും എന്താണെന്ന് അറിയില്ലെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഫേസ്ബുകിൽ കുറിച്ചു. ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസമെന്നും എസ് എഫ് ഐക്കാർ കാമ്പസിൽ വരുന്നത് സദാചാരം പൊളിക്കാനും പൈങ്കിളി വർത്തമാനത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ തുടർന്ന് സുന്നി വിദ്യാർഥി സംഘടനകളും എസ് എഫ് ഐ യും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ നടത്തുന്നുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News