കെ- റെയിൽ വിരുദ്ധസമരം ശക്തം; ചോറ്റാനിക്കരയിലും തിരൂരിലും സർവെ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധം

പ്രതിഷേധത്തെത്തുടർന്ന് എറണാകുളത്ത് സർവേനടപടികൾ നിലച്ചു. മലപ്പുറത്ത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Update: 2022-03-19 06:47 GMT

സംസ്ഥാനത്ത് കെ-റെയിൽ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധം. മലപ്പുറം തിരൂരിലും എറണാകുളത്ത് ചോറ്റാനിക്കരയിലും സർവെ കല്ലുകൾ പിഴുതെറിഞ്ഞു. എറണാകുളം ജില്ലയിൽ ഇന്ന് സിൽവർ ലൈൻ സർവെ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ചോറ്റാനിക്കരയിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. സ്ഥാപിച്ച കല്ലെടുത്ത് കനാലിലെറിഞ്ഞായിരുന്നു പ്രതിഷേധം.  

കെ- റെയിൽ കല്ലിടലിനെതിരെ തിരൂരിൽ ഇന്നും പ്രതിഷേധം ശക്തമായി. തിരൂർ വെങ്ങാലൂർ ഭാഗത്താണ് ഇന്ന് കല്ലിടൽ പുരോഗമിക്കുന്നത്. നാട്ടുകാർ സംഘടിച്ചതോടെ വെങ്ങാലൂർ ജുമാ മസ്ജിദിന് സമീപം കല്ലിടൽ ഒഴിവാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

Advertising
Advertising

അതേസമയം, കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ- റെയിൽ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കിൽ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

പ്രതിഷേധങ്ങളെല്ലാം വികസനത്തിനെതിരാണെന്നും നാടിന്‍റെ പുരോഗതിക്ക് തടസം നിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നത്. എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News