മഞ്ചേരി മെഡിക്കൽ കോളജിൽ വേതനം ലഭിക്കാത്തതിൽ മന്ത്രിയോട് പരാതി പറഞ്ഞവർക്കെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം
കഴിഞ്ഞ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് എത്തിയപ്പോഴായിരുന്നു. താൽക്കാലിക ജീവനക്കാർ കൂട്ടമായി തങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന കാര്യം മന്ത്രിയെ അറിയിക്കാനായി എത്തിയത്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ വേതനം ലഭിക്കാത്തത് സംബന്ധിച്ച് ആരോഗ്യമന്ത്രിയോട് പരാതി പറഞ്ഞ ജീവനക്കാർക്കെതിരെ കേസെടുത്തത്തിൽ വ്യാപക പ്രതിഷേധം. മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്ക് എതിരെയാണ് പ്രിൻസിപ്പളിന്റെ പരാതിയിൽ കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് എത്തിയപ്പോഴായിരുന്നു. താൽക്കാലിക ജീവനക്കാർ കൂട്ടമായി തങ്ങൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന കാര്യം മന്ത്രിയെ അറിയിക്കാനായി എത്തിയത്.
ഈ സംഭവത്തിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ അനിൽരാജ് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന 20 ഓളം താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തത്. ജീവനക്കാർ കൂട്ടമായി എത്തി ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കി എന്നുമാണ് എഫ്‌ഐആർ.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മെഡിക്കൽ കോളേജിലെപ്രിൻസിപ്പൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സിപിഎമ്മാണ് പ്രശ്‌നത്തിന് കാരണമെന്നാണ് യുഡിഎഫിന്റെ ആരോപണം. താൽക്കാലിക ജീവനക്കാർക്കിടയിൽ കോൺഗ്രസ് പ്രവർത്തകർ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് സിപിഎമ്മിന്റെ മറുപടി.
മന്ത്രിയെ നേരിൽ കണ്ട് പരാതി പറഞ്ഞാൽ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു താൽക്കാലിക ജീവനക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ വലിയ ആശങ്കയിലാണ് ഇവർ