പാലക്കാട് ഒയാസിസ് ബ്രൂവറി കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു
Photo|MediaOne News
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് ബ്രൂവറി കമ്പനിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കമ്പനി പ്രതിനിധികൾ മടങ്ങിപോയി.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഓയസിസ് കമ്പനിക്ക് എതിരെ തുടക്കം മുതൽ പ്രതിഷേധം ഉണ്ടായിരുന്നു. നാട്ടുകാരുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് ജെസിബിയുമായി ഒയാസിസ് കമ്പനി പ്രതിനിധികൾ എത്തിയത്. ഇതോടെ നാട്ടുകാർ തടയുകയായിരുന്നു. കമ്പനി വന്നാൽ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിയും പദ്ധതിക്ക് എതിരാണ്. ജനങ്ങളോടൊപ്പം സമരത്തിൽ ഉറച്ച് നിൽക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സർവ്വേ നടത്താൻ സൗകര്യം ഒരുക്കുന്നതിനായി പുല്ല് വെട്ടാനാണ് വന്നതെന്നാണ് ഓയാസിസ് കമ്പനിയുടെ ഓപറേഷൻ വൈസ് പ്രസിഡന്റ് ഗോപീകൃഷ്ണന്റെ വാദം.
പ്രതിഷേധം ശക്തമായതോടെ കമ്പനി അധികൃതർ മടങ്ങിപോയി. 24 ഏക്കർ ഭൂമിയിലാണ് ബ്രൂവറി നിർമ്മാണ കമ്പനി വരാൻ പദ്ധതിയിട്ടിരിക്കുന്നത്