കേരളം അതിദരിദ്രരെ കണ്ടെത്തിയത് ഖത്തർ മന്ത്രിമാരോട് പറഞ്ഞപ്പോൾ തങ്ങൾക്ക് അതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അവർ അഭിനന്ദിച്ചു: മന്ത്രി സജി ചെറിയാൻ

'വികസനമെന്നാല്‍ റോഡും പാലവും കെട്ടിടങ്ങളും നിര്‍മിക്കുക മാത്രമല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്'.

Update: 2025-11-01 11:36 GMT

ആലപ്പുഴ: കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെക്കുറിച്ച് ഖത്തർ മന്ത്രിമാരോട് പറഞ്ഞപ്പോൾ അവർ അഭിനന്ദിച്ചെന്ന് മന്ത്രി സജി ചെറിയാൻ. അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി അവകാശപ്പെട്ടു. ആലപ്പുഴ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ അവകാശവാദം.

'കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ചപ്പോൾ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെക്കുറിച്ച് അവിടുത്തെ മന്ത്രിമാരോട് വിശദീകരിച്ചു. ഇത്രയും സൂക്ഷ്മമായി രാജ്യത്ത് അതിദരിദ്രരുണ്ടോ എന്നു പരിശോധിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അവർ കേരളത്തെ അഭിനന്ദിച്ചു'- മന്ത്രി വിശദമാക്കി. കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യമുക്തമാക്കുക എന്ന ക്ലേശകരമായ പ്രവൃത്തിയാണ് നാലരവർഷം കൊണ്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കിയതെന്നും സജി ചെറിയാൻ പറ‍ഞ്ഞു.

Advertising
Advertising

വികസനമെന്നാല്‍ റോഡും പാലവും കെട്ടിടങ്ങളും നിര്‍മിക്കുക മാത്രമല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാളും വലിയ പുണ്യപ്രവര്‍ത്തിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളിലെ അതിദരിദ്രരെ കണ്ടെത്തി സംസ്ഥാനത്തെ 64,006 കൂടുംബങ്ങളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്.

മൂന്ന് നേരം ഭക്ഷണം കഴിക്കാത്തവര്‍ ഇന്ന് കേരളത്തിലില്ല. രാജ്യത്ത് കോടിക്കണക്കിന് അതിദരിദ്രരുള്ളപ്പോഴാണ് കേരളം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് അൽപസമയത്തിനകം ആരംഭിക്കും. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News