ശബരിമല പ്രക്ഷോഭത്തെ സഹായിക്കാൻ തന്റെ ശമ്പളം തരാമെന്ന് പറഞ്ഞ മനുഷ്യൻ: പത്മകുമാറിന്റെ അറസ്റ്റിൽ രാഹുൽ ഈശ്വർ
ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാൻ എന്നെയും മുത്തശ്ശിയേയും അമ്മയെയും ശബരിമലയിൽ എത്താൻ സഹായിച്ചത് പത്മകുമാറാണെന്നും രാഹുൽ ഈശ്വർ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിൽ വിഷമമുണ്ടെന്ന് രാഹുൽ ഈശ്വർ.
ശബരിമല പ്രക്ഷോഭത്തെ സഹായിക്കാൻ തന്റെ ശമ്പളം തരാം എന്ന് പറഞ്ഞ മനുഷ്യനാണ് അദ്ദേഹമെന്നും ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാൻ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയിൽ എത്താൻ സഹായിച്ചത് പത്മകുമാറാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ രാഹുൽ ഈശ്വർ പറയുന്നു.
എന്‍.വാസു എന്നും വിശ്വാസികളെ തോൽപിക്കാൻ ശ്രമിച്ച വ്യക്തിയാണെന്നും രാഹുൽ ഈശ്വർ പറയുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ എന്‍.വാസുവിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു പ്രസിഡന്റ് കൂടി അറസ്റ്റിലാകുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശബരിമല പ്രക്ഷോഭത്തിൽ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി അന്തർജ്ജനത്തിന്റേതാണ്, അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കിൽ, ഇന്ന് അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്‌തതിനാണ് പത്മകുമാര്‍ സാറിനെ അറസ്റ്റ് ചെയ്തത്.
മനസ്സ് നീറുന്ന വിഷമമാണ് പത്മകുമാര്‍ സാറിന്റെ അറസ്റ്റ് വാർത്ത കേൾക്കുമ്പോൾ. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാൻ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോൾ കണ്ണീരണിഞ്ഞ ഒരു മനുഷ്യൻ. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങൾ വിശ്വാസികളെ ബാലൻസ് ചെയ്യാൻ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വർണ്ണകൊള്ള വിഷയത്തിൽ അറസ്റ്റിൽ ആയതിൽ വിഷമമാണ്.
ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാൻ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയിൽ എത്താൻ സഹായിച്ചത് പത്മകുമാര്‍ സാർ ആണ് ..
വാസു സർ എന്നും വിശ്വാസികളെ തോൽപിക്കാൻ ശ്രമിച്ച വ്യക്തിയാണ്. പത്മകുമാർ സാർ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാർ ക്ഷമിക്കില്ല, പക്ഷെ ഈ മുതിർന്ന പ്രായത്തിൽ പത്മകുമാര്‍ സാറിനോട് അയ്യപ്പൻ ക്ഷമിക്കട്ടെ... സ്വാമി ശരണം