എംഎൽഎയായതിന്റെ വാർഷികദിനത്തിൽ ബലാത്സംഗക്കേസിൽ പാർട്ടിയിൽ നിന്ന് പുറത്തായി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ 2024 ഡിസംബർ നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്
കോഴിക്കോട്: ആശങ്കകൾ ഏതുമില്ലാതെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച് കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ പാലക്കാട് എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ നാലിന്. കൃത്യം ഒരു വർഷത്തിന് ശേഷം ഇന്ന് 2025 ഡിസംബർ 04 ന് അതേ പാർട്ടി രാഹുലിനെ പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൽ വടകര മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞടുപ്പ് കളമൊരുങ്ങിയത്. സ്ഥാനാർഥി ആരാണെന്ന ചോദ്യത്തിന് കോൺഗ്രലിന് വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് കോൺഗ്രസിൽ നിന്ന് രാഹുലിനെ പുറത്താക്കാനും പാർട്ടിക്ക് ആ സംശയം ആവശ്യമായി വന്നില്ല.
ഏറെ വിവാദങ്ങൾക്ക് വഴിവെച്ചായിരുന്നു രാഹുലിൻ്റെ സ്ഥാനാർഥിത്വം. തീരുമാനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിലെ പല നേതാക്കളും രാജിവെച്ചു. അന്ന് രാജിവച്ച സരിൻ പിന്നീട് സിപിഎം സ്ഥാനാർഥിയായി.
ലൈംഗിക അതിക്രമത്തിൽ രാഹുലിനെതിരെ നിരവധി തെളിവുകളാണ് പുറത്തുവന്നത്. ഇതേതുടർന്ന് പാർട്ടി രാഹുലിനെ സസ്പെൻ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും പരാതിയിൽ. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇതിനിടെ ഇന്നലെ മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെയാണ് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്.