മന്ത്രിസഭാ വികസനത്തില്‍ ഇടംപിടിച്ച ഏക മലയാളി.. ആരാണ് രാജീവ് ചന്ദ്രശേഖര്‍?

മലയാളിയെങ്കിലും രാഷ്ട്രീയ തട്ടകം കർണാടകയിലാണ്

Update: 2021-07-07 15:37 GMT

രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തില്‍ ഇടംപിടിച്ച ഏക മലയാളിയായി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയർമാനും ഏഷ്യാനെറ്റ് ചാനല്‍ ഉടമയും കൂടിയാണ് രാജീവ് ചന്ദ്രശേഖർ.

ആദ്യ മോദി മന്ത്രിസഭ മുതല്‍ ഉയർന്നുകേട്ട പേരാണ് രാജീവ് ചന്ദ്രശേഖർ. ബിസിനസ് രംഗത്ത് വിജയക്കുതിപ്പിനൊപ്പം രാഷ്ട്രീയ രംഗത്തും പയറ്റിത്തെളിഞ്ഞ തന്ത്രശാലി. മലയാളിയെങ്കിലും രാഷ്ട്രീയ തട്ടകം കർണാടകയിലാണ്. മൂന്ന് തവണ രാജ്യസഭാംഗം. 2018 മുതല്‍ ബിജെപിയുടെ ദേശീയ വക്താവ്. പാർലമെന്റിലെ സുപ്രധാന കമ്മിറ്റികളിലും പ്രവർത്തിച്ചു.

എഞ്ചിനീയറിംഗിലും ബിസിനസിലും ഉന്നത വിദ്യാഭ്യാസം നേടിയ രാജീവ്, 1994 ബിപിഎൽ മൊബൈൽ സ്ഥാപിച്ച് രാജ്യത്തെ ടെലികോം വ്യവസായ രംഗത്ത് ചുവടുവെച്ചു. ചാനലുകള്‍ സ്വന്തമാക്കി ദൃശ്യമാധ്യമ രംഗത്തും ചന്ദ്രശേഖർ ചുവടുറപ്പിച്ചു. ഇതിനിടയിലാണ് മന്ത്രിയെന്ന നിലയിലുള്ള പുതിയ ദൗത്യം. കേരളത്തിലെ വി മുരളീധര പക്ഷത്തോട് ഇടഞ്ഞുനില്‍ക്കുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. 

Advertising
Advertising

മന്ത്രിസഭയില്‍ അടിമുടി മാറ്റം

മന്ത്രിമാരുടെ പ്രവർത്തന മികവടക്കം നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടന നടത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കും മികച്ച പരിഗണന നല്‍കി. കേന്ദ്രമന്ത്രിസഭയില്‍ അടിമുടി മാറ്റമാണ് വരുത്തിയത്.

സുപ്രധാന വകുപ്പുകള്‍ കൈയ്യാളിയിരുന്ന ഹർഷവർധന്‍, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി. കോവിഡ് മഹാമാരിയെ നേരിടുന്നതിലെ വീഴ്ചയാണ് ഹർഷവർധന്‍റെ മാറ്റത്തിന് വഴിയൊരുക്കിയത്. വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനും മോശം പ്രകടനമാണ് വിനയായത്. ട്വിറ്റർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുമായുള്ള തർക്കങ്ങളാണ് പ്രകാശ് ജാവദേക്കറിനും രവിശങ്കർ പ്രസാദിനും പുറത്തേക്കുള്ള വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. ഇരുവരെയും പാർട്ടി പദവികളില്‍ പരിഗണിച്ചേക്കും. മന്ത്രിമാരുടെ പ്രവർത്തന വിലയിരുത്തലിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിലെയും മഹാരാഷ്ട്രയിലെയും നേതാക്കള്‍ക്ക് പ്രത്യേക പരിഗണന പുനസംഘടനയില്‍ ലഭിച്ചിട്ടുണ്ട്. യുപിയില്‍ നിന്ന് ഏഴ് പേരും ഗുജറാത്തില്‍ നിന്ന് 5 പേരും മന്ത്രിസഭയില്‍ ഇടം നേടി. 11 വനിതകളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും പുനസംഘടനയില്‍ ഉള്‍പ്പെടുത്തി.

മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ മന്ത്രിയും ശിവസേന നേതാവുമായിരുന്ന നാരായണ്‍ റാണയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയിലെ സ്വാധീനം ശക്തിപ്പെടുകയാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും കാബിനറ്റ് പദവി ലഭിച്ചു. ബീഹാറിലെ പശുപതി പരസും മന്ത്രിസഭയില്‍ ഇടം നേടി. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ചിരാഗ് പാസ്വാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ആ എതിർപ്പും മറികടന്നാണ് മന്ത്രിസ്ഥാനം നല്‍കിയത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News