'രാജ്നാഥ് സിങ്ങിന്‍റേത് പക്വതയാർന്ന സ്വരം, ലീഗ് എല്ലാവിധ ഭീകരതക്കും എതിര്'; ഷാഫി ചാലിയം

''പുൽവാമ ഭീകര ആക്രമണം നടന്നപ്പോൾ പ്രധാനമന്ത്രിയെ കണ്ട് ഭീകരതയെ അടിച്ചമർത്താൻ പൊതു ഖജനാവിലേക്ക് ലക്ഷങ്ങൾ സംഭാവന സമർപ്പിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയാണ് മുസ്‍ലിം ലീഗ്''

Update: 2025-05-09 00:54 GMT
Editor : Lissy P | By : Web Desk

പുൽപള്ളി: പാകിസ്താനെതിരെ ഇന്ത്യയുടെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് വിദേശ രാഷ്ട്ര സ്ഥാനപതികളോട് പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിങ്ങും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോയലും വിദേശകാര്യ മന്ത്രിയും സംവദിച്ച രീതി രാജ്യത്തിന്റെ മാന്യതയും പക്വതയും ഉയർത്തിപ്പിടിച്ചതായിരുന്നുവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

ആൾക്കൂട്ട അക്രമങ്ങൾക്കെതിരെയും ഭീകരവാദത്തിനെതിരെയും വയനാട് ജില്ലാ മുസ്‍ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നടത്താൻ പോവുന്ന വ്യോമ ആക്രമണങ്ങൾ കൃത്യതയുള്ളതും വർധനവിന് സാധ്യതയില്ലാത്തതും സംയമനം പാലിച്ചു കൊണ്ടുള്ളതുമാണ്. സംഘികളുടെ യുദ്ധക്കൊതി ഭാഷ വെടിഞ്ഞ് രാജ്യത്തിന്റെ പരമ്പരാഗത നയതന്ത്ര ഭാഷ ഉപയോഗിച്ച രാഷ്ട്ര നേതാക്കളുടെ നിലപാട് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിംലീഗ് എല്ലാവിധ ഭീകരതക്കും എതിരാണെന്നും ഭീകരത അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളെയും മുസ്‍ലിം ലീഗ് പിന്തുണക്കുമെന്നും ഷാഫി ചാലിയം പറഞ്ഞു. 

Advertising
Advertising

'പുൽവാമ ഭീകര ആക്രമണം നടന്നപ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചെന്ന് കണ്ട് ഭീകരതയെ അടിച്ചമർത്താൻ പൊതു ഖജനാവിലേക്ക് ലക്ഷങ്ങൾ സംഭാവന സമർപ്പിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടിയാണ് മുസ്‍ലിം ലീഗെന്നെത് ആരും വിസ്മരിക്കരുത്. പഹൽഗാം ഭീകരതക്ക് തിരിച്ചടി കൊടുക്കാനുള്ള സേനയുടെ ഏത് നീക്കവും പിന്തുണക്കുന്ന സമീപനമാവും മുസ്‍ലിം ലീഗ് സ്വീകരിക്കുക. പാകിസ്താൻ ഭീകരരെ പ്രോത്സാപ്പിക്കുന്ന രാഷ്ട്രമാണെന്ന് കഴിഞ്ഞ മുപ്പത് വർഷമായി ഇന്ത്യ അരോപിക്കുന്നു. അത് സത്യമാണെന്ന് പാക് വിദേശ കാര്യ മന്ത്രിക്ക് ഇപ്പോൾ തുറന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അമേരിക്കയും ബ്രിട്ടനുമാണ് തങ്ങളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന പാക് വിദേശകാര്യ മന്ത്രിയുടെ തുറന്ന് പറച്ചിൽ ഇന്ത്യ ഗൗരവത്തിലെടുക്കണമെന്നും അമേരിക്കയടക്കമുള്ളവരുടെ ഫണ്ടും സഹായവും നിർദേശവുമനുസരിച്ചാണ് ഭീകരവാദികളെ പാകിസ്താൻ ഇന്ത്യയിലേക്കയക്കുന്നതെങ്കിൽ ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങൾ പാകിസ്താനിൽ മാത്രം ഒതുക്കാവുന്നതാണോയെന്ന് ഭരണകൂടം വ്യക്തമാക്കണം'. പാകിസ്താൻ എന്ന പട്ടിണി രാഷ്ട്രത്തെ ഉപയോഗപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെയും അപലപിക്കാൻ രാജ്യം പിശുക്ക് കാണിക്കരുതെന്നും ഷാഫി ചാലിയം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News