സംസ്ഥാന പൊലീസ് മേധാവിയെ ഇന്നറിയാം; റവാഡ ചന്ദ്രശേഖറിന് സാധ്യത

കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു റവാഡ ചന്ദ്രശേഖർ

Update: 2025-06-30 00:47 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാരെന്ന് ഇന്നറിയാം. മന്ത്രിസഭായോഗം ആയിരിക്കും പൊലീസ് മേധാവിയെ തീരുമാനിക്കുക. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനാണ് സാധ്യത. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ കാലാവധി ഇന്ന് അവസാനിക്കും.

1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.

Advertising
Advertising

യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് റവാഡ. നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാർ. ഇവരോട് സർക്കാരിന് വലിയ താല്പര്യമില്ല. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയിൽ അഡിഷണൽ ഡയറക്ടറായും റവാഡ ചന്ദ്രശേഖർ പ്രവർത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. തിരികെ സംസ്ഥാനത്തേക്ക് വരാനുള്ള താല്പര്യം അറിയിച്ചെങ്കിലും കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലിൽ സിപിഎമ്മിന് അമർഷമുണ്ട്. എങ്കിലും നിലവിലത്തെ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയേക്കും. ഇത് സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി ഇന്ന് മന്ത്രിസഭായോഗത്തിൽ അറിയിക്കും.

ദീർഘകാലം കേന്ദ്ര ഡെപ്യൂട്ടേഷനിൽ ബിഎസ്എഫ് വിഭാഗത്തിൽ ജോലി ചെയ്ത നിതിൻ അഗർവാൾ തലപ്പത്തേക്ക് വരാനുള്ള സാധ്യതയില്ല. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണർ ആണ് നിതിൻ അഗർവാൾ. ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത സർക്കാരുമായി ഏറ്റുമുട്ടലിലാണ്. സർക്കാരിനും യോഗേഷ് ഗുപ്തയുടെ പേരിനോട് താല്പര്യം ഇല്ല. അതുകൊണ്ടുതന്നെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ തന്നെ എത്തിയേക്കും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News