എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ്

വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കും സൗകര്യമില്ലാത്തവർക്കുമായാണ് പദ്ധതി

Update: 2021-07-07 16:01 GMT
Editor : ubaid | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി വേവ്: 'വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്. ഇതിനാവശ്യമായ ചെലവുകള്‍ കോവിഡ് ഫണ്ടുകളില്‍ നിന്ന് എന്‍എച്ച്എം വഴി നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ പ്രക്രിയ പ്രവര്‍ത്തിക്കുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ആ പ്രദേശത്ത് വാക്‌സിന്‍ കിട്ടാതെ പോയ ആള്‍ക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആ വാര്‍ഡില്‍ വാക്‌സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാര്‍ട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആശാവര്‍ക്കര്‍മാര്‍ പ്രോത്സാഹിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി രജിസ്റ്റര്‍ ചെയ്യിപ്പിക്കേണ്ടത്. കോവിനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതാണ്.

ആ പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്‌സിന്‍ സ്‌റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്‌സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News