Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: special arrengement
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിൽ നടൻ ദുൽഖർ സൽമാന് ആശ്വാസം. വാഹനം വിട്ടുനൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അപേക്ഷ ഒരാഴ്ച്ചയ്ക്കുള്ളിൽ പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതി ഇടക്കാല നിർദേശം നൽകി.
ദുൽഖറിന്റെ കാർ കള്ളക്കടത്ത് വസ്തുവാണെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ വാദം. ദുൽഖർ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണെന്നും ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കി. ഹരജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി നിർദേശിച്ചത്.
നിയമപ്രകാരം വാഹനം വിട്ടുകിട്ടാൻ ഉടമസ്ഥന് അവകാശമുണ്ട്. അതിനാൽ ദുൽഖറിന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കാം. അന്വേഷണം നടക്കുന്നത് രേഖകൾ കേന്ദ്രീകരിച്ചായതിനാൽ വാഹനം കൈയിൽ വയ്ക്കേണ്ടതുണ്ടോ എന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിർദേശം. വാഹനം വിട്ടുകിട്ടാൻ ദുൽഖർ ഉടൻ അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ നൽകും.
കഴിഞ്ഞമാസം അവസാനവാരമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖർ ഹരജിയിൽ പറയുന്നത്.