'അതുശരിയാണല്ലോ ഉമ്മൻചാണ്ടി എന്ന് പേരുള്ള ഒറ്റയാളല്ലേ ഉള്ളൂ...'

മിമിക്രി കലാകാരന്മാർ തന്നെ അനുകരിച്ച് കയ്യടി നേടുമ്പോഴൊക്കെ കണ്ണിറുക്കി ചിരിക്കാനേ ഉമ്മൻചാണ്ടി ശീലിച്ചിട്ടുള്ളൂ

Update: 2023-07-18 08:23 GMT

ഉമ്മൻചാണ്ടി

Advertising

'ഉമ്മൻചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളെ കണ്ടിട്ടുണ്ടോ കേരളത്തിൽ..?' രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റിൽ ഖുശ്ബുവിന്റെ കഥാപാത്രം പ്രാഞ്ചിയേട്ടനോട് ചോദിക്കുന്ന ചോദ്യമാണിത്. 'അതുശരിയാണല്ലോ ഉമ്മൻചാണ്ടി എന്ന് പറഞ്ഞ് ഒറ്റയാളല്ലേ ഉള്ളൂ...' ഇത് പ്രാഞ്ചിയേട്ടന്റെ മറുപടി.  

ഉമ്മൻചാണ്ടിയെന്ന പേരുമാത്രമല്ല, ആ വ്യക്തിത്വവും സമാനതകളില്ലാത്തതാണ്. രാഷ്ട്രീയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും മറിച്ചൊരു വിശേഷണത്തിന്റെ സാധ്യതകൾ ഉമ്മൻചാണ്ടി കേരളജനതയ്ക്ക് നൽകിയിട്ടില്ല. ഉമ്മൻചാണ്ടി രൂപത്തിലും ഭാവത്തിലും ഒളിപ്പിച്ച നർമം മിമിക്രി കലാകാരന്മാർ ചികഞ്ഞ് പുറത്തെടുത്തപ്പോൾ വേദികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത എത്രയോ മുഹൂർത്തങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ട്.


നീണ്ട മൂക്കും അലസമായി കിടക്കുന്ന കോതിയൊതുക്കാത്ത മുടിയും അശ്രദ്ധമായ വസ്ത്രധാരണവും കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലും ഉമ്മൻചാണ്ടിയെ സ്റ്റാറാക്കി. ഉയരം, ശബ്​ദം, സംസാരം, ഇടപെടല്‍, പ്രസംഗം തുടങ്ങി എല്ലാത്തിലും ഉമ്മൻചാണ്ടി തന്റെ സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തനായിരുന്നു.  

കോട്ടയം നസീറും രമേഷ് പിഷാരടിയും മുതൽ മിമിക്രിയിൽ ആദ്യാക്ഷരം കുറിക്കുന്നവർവരെ ഉമ്മൻചാണ്ടിയെ അനുകരിച്ച് ശ്രദ്ധേയരായവർ നിരവധിയാണ്. ഉമ്മൻചാണ്ടി എന്ന നേതാവ് അറിഞ്ഞോ അറിയാതെയോ നൽകുന്ന സ്വാതന്ത്ര്യവും സമ്മതവുമാണ് ഇതിന് കാരണം. ആർക്കും സ്വതന്ത്രമായി ഇടപെടാൻ ഉമ്മൻചാണ്ടി നൽകുന്ന അവസരങ്ങളാണ്  ചിരിമരുന്നുകളായത്.


ഒരു പൊതുവേദിയിൽ ഉമ്മൻചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്, കോട്ടയം നസീർ തന്നെ അനുകരിക്കുന്നത് അത്രമേൽ പ്രിയപ്പെട്ടതാണെന്ന്. രമേഷ് പിഷാരടി അനുകരിക്കാൻ അനുവാദം തേടിയപ്പോൾ സംശയത്തിന്റെ ഒരു വകപോലുമില്ലാതെ സമ്മതം മൂളിയതും കേരളക്കര ഒന്നാകെ കണ്ടതാണ്. 

തന്റെ രൂപവും സ്വഭാവ സവിശേഷതകളും നർമത്തിൽ കലർത്തി കലാകാരന്മാർ വേദി കയ്യേറുമ്പോൾ അവരിൽ ഒരാളായി എല്ലാം ആസ്വദിക്കുന്ന ഉമ്മൻചാണ്ടിയെ മാത്രമാണ് കേരളം കണ്ടത്. കുഴിഞ്ഞ കണ്ണുകളോടെ മനസറിഞ്ഞ് ചിരിക്കുന്ന ഉമ്മൻചാണ്ടി ആ ചിരിയിടങ്ങളെ കൂടുതൽ സുന്ദരമാക്കുകയായിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News