റിപ്പോർട്ടർ ടിവി തട്ടിക്കൂട്ട് കമ്പനി; സുരക്ഷാ ക്ലിയറൻസില്ലാതെ പ്രവർത്തിച്ചതിൽ ദുരൂഹത: സാബു ജേക്കബ്

കഴിഞ്ഞ രണ്ടു വർഷമായി ചാനൽ സിപിഎമ്മിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും സബ് ജേക്കബ് ആരോപിച്ചു

Update: 2026-03-25 12:15 GMT

കൊച്ചി: സെക്യൂരിറ്റി ക്ലിയറൻസില്ലാതെ റിപ്പോർട്ടർ ചാനൽ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്ന് ട്വന്റി-ട്വന്റി കൺവീനർ സാബു എം. ജേക്കബ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നത് ഒരു തട്ടിക്കൂട്ട് സംവിധാനമാണെന്നും, കൃത്യമായ സുരക്ഷാ അനുമതികളില്ലാതെ ചാനൽ സംപ്രേഷണം തുടരുന്നതിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചാനലിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.

ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം. നിലവിലെ ചാനൽ ഡയറക്ടർമാർക്ക് നിയമപരമായി സ്ഥാപനം നടത്താൻ അവകാശമില്ലെന്നും, ചട്ടങ്ങൾ പൂർണമായും ലംഘിച്ചാണ് ലൈസൻസ് കൈമാറ്റം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനം എങ്ങനെയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

2022ൽ കേന്ദ്ര ആഭ്യന്തര-ബ്രോഡ്കാസ്റ്റിങ് മന്ത്രാലയങ്ങൾ ചാനൽ പ്രക്ഷേപണ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസും ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുടെ ലൈസൻസും ഉള്ളവർക്ക് മാത്രമേ ചാനൽ നടത്താൻ സാധിക്കൂ. ലൈസൻസ് കൈമാറ്റം ചെയ്യാനോ മറ്റൊരാൾക്ക് ലീസിന് നൽകാനോ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ, 2023ൽ ആൻ്റോ അഗസ്റ്റിനും സഹോദരന്മാരും എങ്ങനെയാണ് ഈ ചാനൽ കൈവശപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാനൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും പേരിലുള്ള 'ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ' സുരക്ഷാ ക്ലിയറൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയ വിവരം കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഒരു സാധാരണക്കാരന് പൊലീസ് ക്ലിയറൻസ് ഇല്ലാതെ പാസ്പോർട്ട് പോലും ലഭിക്കാത്ത രാജ്യത്ത്, ദേശീയ സുരക്ഷാ ക്ലിയറൻസ് പോലുമില്ലാത്ത വ്യക്തികൾ എങ്ങനെയാണ് രണ്ടു വർഷം ചാനൽ പ്രവർത്തിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

ചാനലിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും സാബു ജേക്കബ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. മരമുറി കേസ് പ്രതികളായ ഇവർക്ക് ചാനൽ തുടങ്ങാനുള്ള കോടികൾ എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണം. കഴിഞ്ഞ രണ്ടു വർഷമായി ചാനൽ സിപിഎമ്മിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഈ ചാനൽ ഉടൻ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്ത് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജിയിൽ, ലൈസൻസ് ഉടമയോട് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം. ഈ വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News