'ഒരാൾ പോലും കാണാമറയത്തില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടരും'; ഫയർഫോഴ്‌സ്

'ഏഴ് ഹിറ്റാച്ചി മുണ്ടക്കൈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മൂന്നിടങ്ങളിലായി വ്യാപകമായ തിരച്ചിൽ നടത്തും'.

Update: 2024-07-31 15:24 GMT

മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടൽ മഹാദുരന്തത്തിൽ കാണാതായ ജീവനുകൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരാൾ പോലും കാണാമറയത്തില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുണ്ടക്കൈയിൽ ദൗത്യത്തിലുള്ള ഫയർഫോഴ്‌സ് സംഘത്തെ നയിക്കുന്ന ഉദ്യോഗസ്ഥൻ.

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അടക്കം 550ലേറെ ഫയർഫോഴ്‌സ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. ഇതുവരെ 19 മൃതദേഹങ്ങളും ചില ശരീരഭാഗങ്ങളും ദുരന്തമുഖത്തു നിന്നും കണ്ടെടുത്തതായും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

'ചൂരൽമല ഭാഗത്തുനിന്ന് നാല് മൃതദേഹങ്ങളും മുണ്ടക്കൈ ഭാഗത്തുനിന്നും 15 മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. കുടുങ്ങിക്കിടന്ന 30 പേരെയും രക്ഷപെടുത്തി. കാണാതായ എല്ലാവരെയും തിരഞ്ഞുകണ്ടുപിടിക്കുകയാണ് ഞങ്ങളുടെ ദൗത്യം. ഏഴ് ഹിറ്റാച്ചി മുണ്ടക്കൈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മൂന്നിടങ്ങളിലായി വ്യാപകമായ തിരച്ചിൽ നടത്തും'.

Advertising
Advertising

'ആരും കാണാമറയത്തില്ലെന്ന് 100 ശതമാനം ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടരും. സൈന്യം ബെയ്‌ലി പാലം നിർമിച്ചുകഴിയുമ്പോൾ മൃതദേഹങ്ങളുമായുള്ള സഞ്ചാരവും രക്ഷാപ്രവർത്തകരുടെ ദൗത്യവും എളുപ്പമാകും'- അദ്ദേഹം അറിയിച്ചു.

മുണ്ടക്കൈയിൽ വിവിധ സേനകളുടെയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിൽ മണ്ണിൽപ്പുതഞ്ഞ നിരവധി മൃതദേഹങ്ങൾ കണ്ടെടുക്കുകയും ഒറ്റപ്പെട്ട മനുഷ്യരെ രക്ഷപെടുത്തുകയും ചെയ്തുവരികയാണ്. ഇതുവരെ 228 പേർ മരിച്ച ദുരന്തത്തിൽ കാണാതായ 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാ​ഗികമായി തടസപ്പെട്ടിരുന്നു. പ്രതികൂല കാലാവസ്ഥയാണെങ്കിലും രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ല. ഇതിനിടെ, ബെയ്‌ലി പാലത്തിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും. സൈന്യത്തിന്റെയും മറ്റ് ഉദ്യോ​ഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും സജീവമായി തന്നെ തുടരുന്നുണ്ട്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News