റിജോ ആന്റണിയുടെ അമിത ആത്മവിശ്വാസം പൊളിച്ചത് വീട്ടമ്മയുടെ ആ മൊഴി

ബാങ്കിനുള്ളിൽ കയറി വെറും മൂന്നു മിനിറ്റിനുള്ളിലാണ് പണം കൊള്ളയടിച്ച് കടന്നത്

Update: 2025-02-17 09:42 GMT

തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ചാ കേസിൽ റിജോ ആന്റണി എന്ന റിന്റോയെ കുടുക്കിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി. സിസി ടിവിയിൽ കണ്ടതിന് രൂപസാദൃശ്യമുള്ള ഒരാൾ ഇവിടെ താമസമുണ്ടെന്ന മൊഴിയായിരുന്നു റിജോ ആന്റണിയിലേക്ക് പൊലീസിനെ എത്തിച്ചത്.ബാങ്ക് കൊള്ളയടിക്കാനുള്ള പഴുതടച്ച ആസൂത്രവും തയ്യാറെടുപ്പുകളും പ്രതി ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. കൊള്ളക്കായുള്ള ആദ്യശ്രമം നാല് ദിവസം മുൻപ് നടത്തിയെങ്കിലും ബാങ്കിന് മുന്നിലൂടെ പൊലീസ് വാഹനം പോകുന്നതുകണ്ട് അവസാന നിമിഷം ശ്രമം ഉപേക്ഷിച്ചു.

തൊട്ടടുത്ത ദിവസം കാലാവധി കഴിഞ്ഞ എടിഎം കാർഡുമായി ബാങ്കിലെത്തി.പ്ലാൻ റീവർക്ക് ചെയ്തു. ബുധനാഴ്ച ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാളിനിടെയാണ് സ്വന്തം സ്കൂട്ടറിൽ കൊള്ളക്കുപോകാൻ മ​റ്റൊരു നമ്പർ പ്ലേറ്റ് മോഷ്ടിച്ചത്. മോഷണത്തിന് എത്തിയത് സ്കൂട്ടറിൽ റിയർവ്യൂ മിറർ ഇല്ലാതെയാണ്. തിരക്കൊഴിഞ്ഞ സമയമെന്ന നിലയിലാണ് വെള്ളിയാഴ്ചതന്നെ മോഷണത്തിന് തെരഞ്ഞെടുത്തത്. രണ്ടിനും രണ്ടരയ്ക്കും ഇടയിലുള്ള ജീവനക്കാരുടെ ഉച്ചഭക്ഷണ സമയവും നേരത്തെ മനസ്സിലാക്കി. 2.12ന് ബാങ്കിനുള്ളിൽ കയറി. വെറും മൂന്നുമിനിറ്റിനുള്ളിലാണ് പണം കൊള്ളയടിച്ച് കടന്നത്. നേരെ പോയത് എറണാകുളം ഭാഗത്തേക്ക്. തിരികെ ഈടുവഴികളിലൂടെ തൃശ്ശൂർ ഭാഗത്തേക്ക് നീങ്ങി നാടുകുന്ന് ബസ് സ്റ്റോപ്പിൽ എത്തുകയായിരുന്നു.

Advertising
Advertising

ജാക്കറ്റ് ഊരി മാറ്റി സ്കൂട്ടറിൽ കണ്ണാടി ഘടിപ്പിച്ച ശേഷം അവിടെനിന്ന് നേരെ വീട്ടിലേക്ക് പോകാതെ ചെറുകുന്ന് ക്രഷർ വഴി വാഴക്കുന്ന്, കാണിപ്പാറ എന്നീ സ്ഥലങ്ങൾ കറങ്ങി പഞ്ചായത്ത് കുളത്തിന് സമീപത്തു കൂടിയാണ് വീട്ടിലേക്ക് എത്തിയത്.ബാങ്കിൽ നിന്നും വീട്ടിലെത്താൻ പ്രതിക്ക് വേണ്ടത് 15 മിനിറ്റോളം സമയമാണ്, പക്ഷേ നാടുമുഴുവൻ കറങ്ങി പ്രതിയെത്തിയത് ഒരു മണിക്കൂറിനുള്ളിൽ. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോർ റി​ന്റോ ആൻറണി സജീവമായി പങ്കെടുത്തു. അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകുമെന്നാണ് കുടുംബ യോഗത്തിലെ ചർച്ചയിലെ കമന്റ്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News