റോഷി അഗസ്റ്റിൻ മന്ത്രിയാകും; എൻ ജയരാജ് ചീഫ് വിപ്പ്

തീരുമാനം മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറേയും അറിയിച്ച് ജോസ് കെ മാണി

Update: 2021-05-18 07:25 GMT
By : Web Desk
Advertising

കേരളകോൺഗ്രസ് എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. എൻ ജയരാജാണ് ചീഫ് വിപ്പാകുക. കേരള കോൺഗ്രസ് എമ്മിന്‍റെ തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറേയും അറിയിച്ചു

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ലഭിച്ച മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

രണ്ട് മന്ത്രിസ്ഥാനം വേണമെന്നായിരുന്നു ആദ്യം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട്. പക്ഷേ സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലെത്തിയത്.

Full View

ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഞ്ചാം തവണയാണ് റോഷി അഗസ്റ്റിൻ മത്സരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്കെത്തി. ഇടക്കോലി ഗവ. ഹൈസ്‌കൂൾ ലീഡറായി തുടക്കം. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ ലീഗൽ എയ്ഡ് അഡ്‍വൈസറി ബോർഡ് മെമ്പറായും രാമപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി പ്രവർത്തിച്ചു.

പേരാമ്പ്രയിൽ നിന്നും നിയമസഭയിലേയ്ക്ക് കന്നിയങ്കം. 2001 ൽ ആദ്യ വിജയം. തുടർന്നുള്ള നാല് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോൺഗ്രസ് (എം) പാർട്ടി ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. 

പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ വീട്ടിൽ അഗസ്റ്റിൻ ലീലാമ്മ ദമ്പതികളുടെ മകൻ അഡ്വ.റോഷി അഗസ്റ്റിൻ 1969 ജനുവരി 20 നാണ് ജനിച്ചത്. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ നഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകൾ ആൻമരിയ വാഴത്തോപ്പ് സെൻറ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ എയ്ഞ്ചൽ മരിയ എട്ടാം ക്ലാസിലും ഇളയ മകൻ അഗസ്റ്റിൻ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠനം നടത്തുന്നു.

കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ ചമ്പക്കരയിലാണ് ഡോ.എന്‍ ജയരാജിന്‍റെ ജനനം. പിതാവ് മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രൊഫ.കെ.നാരായണകുറുപ്പ്. മാതാവ് കെ.ലീലാദേവി. ഭാര്യ ഗീത, മകള്‍ പാര്‍വതി.

സ്‌കൂള്‍ വിദ്യാഭ്യാസം ഗവ.എല്‍.പി.എസ് ചമ്പക്കര, സെന്‍റ് തോമസ് എച്ച് എസ് കീഴില്ലം, ബി.എച്ച്.എസ് കാലടി. പ്രീഡിഗ്രി പഠനം തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും.

കേരളത്തിന്‍റെ പൊതുവരവും ചെലവും കേരളത്തിന്‍റെ സാമ്പത്തികവളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പബ്ലിക് ഫിനാന്‍സില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. 25 വര്‍ഷം കേരള, കോഴിക്കോട്, എം ജി സര്‍വകലാശാലകളിലെ വിവിധ എന്‍ എസ് എസ് കോളേജുകളില്‍ ഇക്കണോമിക്‌സ് അധ്യാപകന്‍. തുടര്‍ച്ചയായി 2 തവണ കോട്ടയം ജില്ലാപഞ്ചായത്ത് അംഗം. 2006ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി. 2011ലും 2016ലും 2021ലും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എം എല്‍ എ.

കവി, ലേഖകന്‍, കോളമിസ്റ്റ്. സംസ്‌കൃതി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ രൂപീകരണത്തില്‍ മുന്‍കൈയെടുത്തു. എന്റെ മണിമലയാര്‍ എന്ന നദി സംരക്ഷണ മുന്നേറ്റത്തിന് പ്രാരംഭം നല്കി സജീവസാന്നിധ്യമായി നില്‍ക്കുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി രൂപം കൊടുത്ത പുറപ്പാട് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകനുമാണ്  ഡോ. എന്‍ ജയരാജ്. 

Tags:    

By - Web Desk

contributor

Similar News