കൊല്ലം ജില്ലയിലെ അക്കൗണ്ടുകളിൽ 147.03 കോടി രൂപ; അവകാശികളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക കാമ്പയിൻ ആരംഭിച്ചു
20 വർഷത്തിലേറെയായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിച്ചിട്ടുള്ളത്
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന പ്രഖ്യാപനത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ബാങ്ക് അസിസ്റ്റൻ്റ് ജനറൽ മാനേജർ റീന സൂസൻ ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു.
20 വർഷത്തിലേറെയായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഉള്ള അക്കൗണ്ടുകളിലെ നിക്ഷേപം ഉടമയേയോ, മറ്റ് അവകാശികളെയോ കണ്ടെത്തി തിരികെ നൽകുന്നതിനായാണ് ക്യാമ്പയിൻ. കേന്ദ്ര ഡിപ്പാർട്ടുമെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ആണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ വിവിധബാങ്കുകളിൽ 6.63 ലക്ഷം അക്കൗണ്ടുകളിലായി 147.03 കോടിരൂപയുടെ നിക്ഷേപമാണ് അവകാശികളില്ലാതെ കിടക്കുന്നത്. കൊല്ലം സെൻട്രൽ ബാങ്കിന്റെ അക്കൗണ്ടിൽ കിടന്ന 57,000 രൂപയുടെ അവകാശിയെ കണ്ടെത്തി ക്യാമ്പയിനിൽ വച്ച് തുക കൈമാറി.