'മഴു ഓങ്ങിനിൽക്കുന്നുണ്ട്; ഒരു വിഭാഗത്തിന് മാത്രമായി സംഘ്പരിവാറിനെ നേരിടാനാകില്ല'; മുജാഹിദ് വേദിയിൽ ലീഗിനെ വിമർശിച്ച് മുഖ്യമന്ത്രി

'സ്വയം കുഴിയിൽ ചെന്നുവീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്നു ശരിക്ക് തിരിച്ചറിയണം. ഇല്ലെങ്കിൽ ആപത്താകും.'

Update: 2023-01-01 15:47 GMT
Editor : Shaheer | By : Web Desk

Pinarayi Vijayan

Advertising

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുടെ സി.പി.എം ആക്ഷേപത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മ്മേളനത്തിൽ ലീഗ് നേതാക്കൾ സി.പി.എമ്മിനെ വിമർശിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിനു മാത്രമായി സംഘ്പരിവാറിനെ നേരിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എൻ.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ലീഗ് നേതാക്കളായ പി.കെ ബഷീർ, നജീബ് കാന്തപുരം, പി.കെ ഫിറോസ് തുടങ്ങിയവർ സി.പി.എം വിമർശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം.

ആർ.എസ്.എസും സംഘ്പരിവാറും ഉയർത്തിയ ആശയങ്ങൾ നേരത്തെ ആശയപ്രചരണത്തിനു മാത്രമായിരുന്നു. ഇന്നത് ഭരണതലത്തിൽ നടപ്പാക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാർ എല്ലാവരും ഒന്നിച്ച് അതിനെ എതിർക്കാനും ആ ആപത്തിനെ തടയാനുമാണ് ശ്രമിക്കുന്നത്-പിണറായി ചൂണ്ടിക്കാട്ടി.

ഒരു ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന് സി.പി.എമ്മിനെയാണോ എതിർക്കേണ്ടത്? ഇന്ന് ഉയർന്നുവരുന്ന കാര്യങ്ങളെ 'നമ്മൾ' എന്നു വിഭാഗത്തിനു മാത്രമായി നേരിടാൻ കഴിയുമോ? അങ്ങേയറ്റം തെറ്റായൊരു ആശയഗതിയാണത്. സ്വയം കുഴിയിൽ ചെന്നുവീഴരുതെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്നു ശരിക്ക് തിരിച്ചറിയണം. ഇല്ലെങ്കിൽ ആപത്താകും. മഴു ഓങ്ങിനിൽക്കുന്നുണ്ട്. അതിന്റെ താഴെപ്പോയി കഴുത്ത് കാണിച്ചുകൊടുക്കരുത്. തെറ്റായ ചിന്താഗതിക്ക് മതന്യൂനപക്ഷത്തിലെ ചെറിയൊരു വിഭാഗം അടിപ്പെട്ടിട്ടുണ്ട്. നമ്മൾ സ്വയം ശക്തിയാർജിച്ച് അവരുടെ ആശയം നേരിട്ടുകളയാമെന്നാണ് കരുതുന്നത്. അത് ആത്മഹത്യാപരമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Summary: 'Any particular community alone cannot fight the Sangh Parivar ideology'; The Kerala CM Pinarayi Vijayan counters Muslim League's CPM criticism at the Mujahid conference in Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News