സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു

ജോണി വാക്കര്‍, കിലുക്കം, രാജാവിന്‍റെ മകൻ തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി ഈണമൊരുക്കിയിട്ടുണ്ട്

Update: 2026-02-03 07:59 GMT

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകനാണ് വെങ്കിടേഷ്. സംഗീതരാജൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്ന് വയസ് മുതൽക്കുതന്നെ വെങ്കിടേഷ് മാന്‍റലിൻ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968- മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്. 1971 ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ട് തുടക്കം കുറിച്ചത്.

Advertising
Advertising

1975- ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്‍റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981- ലാണ് പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കിടേഷിന് അടുപ്പമുണ്ടായിരുന്നു. കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.

സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതമൊരുക്കി.. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 1986 ൽ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകിക്കൊണ്ടാണ് എസ് പി വെങ്കിടേഷിന്റെ തുടക്കം. സിനിമപോലെത്തന്നെ അതിലെ സംഗീതവും വലിയതോതിൽ പ്രേക്ഷകപ്രീതിനേടി.

പിന്നീട് എസ് പി വെങ്കിടേഷ് ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമാകുകയായിരുന്നു. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണി വാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം, കാബൂളിവാല, വെണ്ടര്‍ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി അങ്ങിനെ നിരവധി ചിത്രങ്ങളിൽ എസ്.പി വെങ്കിടേഷ് സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കി. അപ്പു, മഹായാനം, ദേവാസുരം, തുടങ്ങിയ ചിത്രങ്ങൾക്ക് ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്. 1985- 2000 കാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ്. പി വെങ്കിടേഷിനു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്‌, തെലുഗ് ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം നൽകി വരുന്നു. മലയാളത്തിൽ ഇതു വരെ 150 ചിത്രങ്ങൾക്കു ഈണം പകർന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News