Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിൻ്റെ മൊഴി. സ്വർണം പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നാണ് പത്മകുമാറിന്റെ മൊഴി.
പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണ് ഫയൽ നീക്കം നടന്നത്. ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയതെന്നും ഫയൽ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാർ മൊഴി നൽകി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.