ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെയും എസ്ഐടി ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു, സ്വർണ പാളികൾ കൊണ്ടുപോയതിൽ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്.
പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരായിരുന്ന 9 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ ഉൾപ്പെടെയുള്ളവരെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ പാളികൾ കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോറ്റി മൊഴി നൽകിയിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വ്യാഴാഴ്ചയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച റാന്നി കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ 30 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു.