തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതാകാം, മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഈ പ്രസ്ഥാനം പൂട്ടിക്കാൻ ശ്രമിക്കുന്നവര്‍: സാബു എം ജേക്കബ്

'ശ്രീനിജന്‍ എംഎല്‍എയും അവരുടെ പാര്‍ട്ടിക്കാരും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ ഈ പ്രസ്ഥാനം എങ്ങനെയെങ്കിലും ഒരു നിമിഷം കൊണ്ട് പൂട്ടിക്കാന്‍ പറ്റിയാല്‍ പൂട്ടിക്കണം എന്ന് കരുതുന്ന ആളുകളാണ്'

Update: 2021-12-26 07:43 GMT

കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം അപ്രതീക്ഷിതമെന്ന് കിറ്റെക്സ് എം.ഡി സാബു ജേക്കബ്. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചതാകാം. ഒരു വിഭാഗം തൊഴിലാളികൾ കരോൾ നടത്തിയപ്പോൾ മറ്റൊരു കൂട്ടർ എതിർത്തതാണെന്നും സാബു ജേക്കബ് പറഞ്ഞു.

"ഇന്നലെ നടന്ന സംഭവം അപ്രതീക്ഷിതമാണ്. ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആയിരത്തിലധികം പേര്‍ ആ ക്വാര്‍ട്ടേഴ്സിലുണ്ട്. ഇരുപതോ മുപ്പതോ പേര്‍ ചേര്‍ന്ന് ക്രിസ്മസ് കരോള്‍ നടത്താന്‍ തീരുമാനിച്ചു. ഇത് മറ്റു തൊഴിലാളികള്‍ എതിര്‍ത്തു. അവര്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പരാതിയായി, തര്‍ക്കമായി, ഏറ്റുമുട്ടലായി. അപ്പോള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരും സൂപ്രവൈസര്‍മാരും ഇടപെട്ടു. അവരെയും തൊഴിലാളികള്‍ ആക്രമിച്ചു. ഞങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വന്നപ്പോള്‍ പൊലീസിനെ വിളിച്ചു. ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോ ആദ്യം കരുതിയത് മദ്യത്തിന്‍റെ ലഹരിയിലാണെന്നാണ്. പരിശോധനയില്‍ മദ്യത്തിന്‍റെ കുപ്പിയൊന്നും കണ്ടെത്താനായില്ല. വേറെ എന്തോ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് തോന്നുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. കഞ്ചാവിന്‍റെ ചെറിയ പൊതികളൊക്കെ കണ്ടെത്തിയിട്ടുണ്ട് മുന്‍പ്. അതുടനെ തന്നെ പൊലീസിന് കൈമാറിയിട്ടുണ്ട്.

Advertising
Advertising

യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സഹായിക്കും. ഭാഷയുടെ പ്രശ്നമൊക്കെയുള്ളതുകൊണ്ട് പൊലീസിനത് ശ്രമകരമായ ജോലിയാണ്. എല്ലാ സിസിടിവികളും പരിശോധിക്കും. ശ്രീനിജന്‍ എംഎല്‍എയും അവരുടെ പാര്‍ട്ടിക്കാരും കോണ്‍ഗ്രസ് നേതാക്കളുമൊക്കെ ഈ പ്രസ്ഥാനം എങ്ങനെയെങ്കിലും ഒരു നിമിഷം കൊണ്ട് പൂട്ടിക്കാന്‍ പറ്റിയാല്‍ പൂട്ടിക്കണം എന്ന് കരുതുന്ന ആളുകളാണ്. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഒരു പരാതിയും ഇവിടത്തെ തൊഴിലാളികള്‍ക്കെതിരെ ഉണ്ടായിട്ടില്ല. അവര്‍ ജീവിക്കാനായി വരുന്നവരാണ്. നമ്മുടെ ആളുകള്‍ ഗള്‍ഫില്‍ പോകുന്നതുപോലെയാണ്. ഇല്ലാതെ നമ്മുടെ നാട്ടുകാരെ ഉപദ്രാവിക്കാന്‍ വരുന്നതല്ല. ഇന്നലെ ക്രിസ്മസായിട്ട് അവര്‍ക്ക് എവിടെ നിന്നോ ലഹരിമരുന്ന് കിട്ടി. അവര്‍ക്കത് എവിടെ നിന്നാണ് കിട്ടിയതെന്നാണ് അന്വേഷിക്കേണ്ടത്. നിയമം കയ്യിലെടുക്കുന്ന ഏത് സംഭവത്തിലും അവരെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന പ്രസ്ഥാനമാണ് കിറ്റക്സ്"- സാബു ജേക്കബ് പറഞ്ഞു.

കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള പ്രശ്നം അന്വേഷിക്കാനെത്തിയപ്പോഴാണ് പൊലീസ് ആക്രമിക്കപ്പെട്ടത്. ഒരു പൊലീസ് ജീപ്പിന് തീയിട്ടു. കല്ലേറില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 150 അതിഥി തൊഴിലാളെ കസ്റ്റഡിയിലെടുത്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News