പോർച്ചുഗലിന്‍റെ പതാക കെട്ടുന്നത് ശരിയല്ല, കളിക്കാരോടുള്ള താല്‍പര്യം ആരാധനയായി മാറരുത്-സമസ്ത

ഫുട്ബോള്‍ ലഹരി അതിരു വിടുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളികളില്‍ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നല്‍കാന്‍ സമസ്ത തീരുമാനിച്ചത്

Update: 2022-11-25 09:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ഫുട്ബോള്‍ ലഹരിയാകരുതെന്ന സന്ദേശം പള്ളികളിലൂടെ നല്‍കാനൊരുങ്ങി സമസ്ത. കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നും അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നും സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നല്കിയ സർക്കുലറിൽ പറയുന്നു. സമസ്ത നിർദേശത്തെ തള്ളി മന്ത്രി വി. ശിവന്‍കുട്ടിയും ലീഗ് നേതാവ് എം.കെ മുനീറും രംഗത്തെത്തി.

ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളികളില്‍ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നല്‍കാന്‍ സംഘടന തീരുമാനിച്ചത്. കായിക മത്സരങ്ങളില്‍ ഏർപ്പെടുന്നതോ കാണുന്നതോ തെറ്റല്ല. എന്നാല്‍ ഫുട്ബോള്‍ ലഹരി വ്യക്തി ആരാധനയായും രാഷ്ട്രങ്ങളോടുള്ള ആരാധനയായും മാറുന്നത് കരുതിയിരിക്കണമെന്നുമാണ് പ്രസംഗത്തിനുള്ള നിര്‍ദേശങ്ങളിലുള്ളത്.

മുന്‍ ലോകകപ്പുകളിലും ഇക്കാര്യം ഉണർത്തിയിട്ടുണ്ടെന്നും ഇതില്‍ വിശദീകരിക്കുന്നു. അതേസമയം, ഫുട്ബോള്‍ ആരാധനക്കെതിരായ സമസ്ത നിർദേശത്തെ വിദ്യാഭ്യാസ മന്ത്രി തള്ളി.ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്കുമേല്‍ കൈകടത്താൻ ആർക്കും അധികാരമില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഈ കാലഘട്ടത്തില്‍ ഫുട്‌ബോളിനെ എല്ലാവരും ആവേശത്തോടെ കാണുന്നുണ്ട്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്ന് എം.കെ മുനീറും പറഞ്ഞു.

ഇന്ന് സമസ്തയ്ക്കു കീഴിലുള്ള പള്ളികളില്‍ ജുമുഅ പ്രാർഥനയോടനുബന്ധിച്ചു നടക്കുന്ന പ്രസംഗത്തിലാണ് ഫുട്ബോള്‍ ലഹരി വിഷയമാവുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News