മന്ത്രിമാരുടെ നെടുങ്കൻ ഡയലോഗുകളല്ലാതെ ഒന്നും സംഭവിക്കുന്നില്ല; ഇനിയെങ്ങനെ കൊച്ചിയിലേക്ക് തിരിച്ചുവരും?- നിർമാതാവ് സാന്ദ്രാ തോമസ്
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികളുടെ കാര്യമൊന്നും സർക്കാർ ചിന്തിക്കുന്നില്ല. രാത്രി മുഴുവൻ വിഷപ്പുക ശ്വസിച്ചിരിക്കുന്ന കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് സാന്ദ്ര ചോദിച്ചു.
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഭരണകൂടത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. കട്ട വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചിരിക്കുന്നത്. ഭരിക്കുന്നവർ ഉത്തരവാദിത്വം കാണിക്കുന്നില്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന മന്ത്രിമാരുടെ നെടുങ്കൻ ഡയലോഗുകളല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്നും സാന്ദ്രാ തോമസ് മീഡിയവണിനോട് പറഞ്ഞു.
പുകയുംതോറും ഡയോക്‌സിൻ എന്ന വിഷവാതകമാണ് പുറത്തുവരുന്നത്. കൊച്ചിയിൽനിന്ന് ഓടിരക്ഷപ്പെടുകയല്ലാതെ മറ്റു മാർഗമില്ല. അതിനും വഴിയില്ലാത്ത ആളുകൾ അവിടെയുണ്ട്. 10 ദിവസത്തിന് ശേഷമാണ് ഗർഭിണികൾ മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞത്. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന സമയത്ത് കുട്ടികൾ എങ്ങനെ പഠിക്കുമെന്ന് സർക്കാർ ചിന്തിക്കുന്നില്ല. രാത്രി മുഴുവൻ വിഷപ്പുഴ ശ്വസിച്ച് ഇരിക്കുന്ന കുട്ടികൾക്ക് എങ്ങനെ പരീക്ഷ എഴുതാനാകുമെന്നും സാന്ദ്ര തോമസ് ചോദിച്ചു.