ഷഹബാസ് വധക്കേസ്; അഞ്ച് വിദ്യാർഥികളെ കെയർ ഹോമിലേക്ക് അയച്ചു
പരീക്ഷ എഴുതാൻ അവസരം നൽകും
കോഴിക്കോട്: ഷഹബാസ് വധക്കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരായ അഞ്ച് വിദ്യാർഥികളെ കെയർ ഹോമിലേക്ക് അയച്ചു. ഇവർക്ക് പരീക്ഷ എഴുതാൻ അവസരം നൽകും. ഷഹബാസിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം ചുങ്കം പാലോറക്കുന്നിലുള്ള തറവാടു വീട്ടിൽ എത്തിക്കും.
പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്. തലക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിനെ ആക്രമിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷഹബാസ് സുഹൃത്തിന്‍റെ വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.