Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: കണ്ണൂർ മാടായിപാറക്ക് അടുത്ത് സ്ഥിതിചെയ്യുന്ന വാദിഹുദാ സ്കൂൾ ദേവസ്വം ഭൂമി കയ്യേറിയതാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി വാദിഹുദാ സ്കൂൾ മാനേജ്‌മന്റ്. 1961ൽ ഒരു സ്വകാര്യം വ്യക്തിയിൽ നിന്നാണ് ഭൂമി വാങ്ങിയതെന്നും ഇതിന്റെ എല്ലാ രേഖകളും കൃത്യമാണെന്നും വാദിഹുദാ ജനറൽ സെക്രട്ടറി ഫാറൂഖ് ഉസ്മാൻ പറഞ്ഞു.
വലിയവളപ്പിൽ കൃഷ്‌ണൻ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അഞ്ച് ഏക്കർ 77 സെന്റ് ഭൂമി 1961ലാണ് ആദ്യം കൈമാറ്റം ചെയ്തത്. 19 വർഷത്തിന് ശേഷം തഅ്‌ലീമുൽ ഇസ്‌ലാം ട്രസ്റ്റ് മുഴുവൻ സ്ഥലം വാങ്ങി വാദിഹുദാ സ്കൂൾ പണിതു. ആദ്യ ഉടമയുടെ കൈവശം ഉണ്ടായിരുന്നപ്പോൾ തന്നെ ഈ ഭൂമിക്ക് ചുറ്റുമതിലുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി സ്കൂൾ മാനേജ്‌മന്റ് അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ റോഡിനെ ചൊല്ലിയും നിയമപോരാട്ടം നടക്കുന്നുണ്ട്. ഈ കേസിൽ പയ്യന്നുർ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് സ്കൂളിന് അനുകൂലമാണ്.
ഈസ അബ്ദുറഹ്മാൻ സേട്ട് എന്ന വ്യക്തിക്ക് 1961ന് വലിയവളപ്പിൽ കൃഷ്‌ണൻ എന്ന വ്യക്തിയിൽ നിന്നാണ് ഭൂമി ലഭിക്കുന്നത്. 1920 മുതൽ വലിയവളപ്പിൽ കൃഷ്‌ണൻ ഈ ഭൂമി കൈവശം വെച്ച് വരികയാണ്. ഈസ അബ്ദുറഹ്മാൻ സേട്ടിൽ നിന്ന് 1980ലാണ് വാദിഹുദ ഈ സ്ഥലം വാങ്ങുന്നത്. കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാടായി സ്കൂൾ ഗ്രൗണ്ട് രേഖയിൽ അവരുടെ അതിർത്തിയായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ചുറ്റുമതിലുകൾ കാണിച്ചിട്ടുണ്ടെന്നും ഫാറൂഖ് ഉസ്മാൻ വ്യക്തമാക്കി. ഭൂമി ഉടസ്ഥതയുമായി ബന്ധപ്പെട്ട രേഖകൾ ആർക്കും പരിശോധിക്കാമെന്നും നിയമപരമായ ഏത് വ്യവഹാരത്തിനും വാദിഹുദാ തയ്യാറാണെന്നും ഫാറൂഖ് ഉസ്മാൻ കൂട്ടിച്ചേർത്തു.