ചെന്താമര പോത്തുണ്ടിയിൽ?; മാട്ടായിയിൽ മല വളഞ്ഞ് പൊലീസ്
ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയിൽ കണ്ടതായാണ് വിവരം.
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരക്കായി പോത്തുണ്ടിയിൽ തിരച്ചിൽ. ചെന്താമര പോത്തുണ്ടി മാട്ടായി മലയിലേക്ക് പോയതായുള്ള സംശയത്തെ തുടർന്നാണ് തിരച്ചിൽ നടത്തുന്നത്. ചെന്താമരയുടെ രൂപസാദൃശ്യമുള്ളയാളെ പ്രദേശത്തെ സിസിടിവിയിൽ കണ്ടതായാണ് വിവരം. വൻ പൊലീസ് സംഘവും നാട്ടുകാരും മല വളഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.
മലമുകളിൽനിന്ന് ഓടുന്ന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. അത് ചെന്താമരയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. 2019ൽ സജിതയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര ഒളിവിൽ കഴിഞ്ഞത് കാട്ടിലായിരുന്നു. തുടർന്ന് തറവാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. പോത്തുണ്ടിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വൻ പൊലീസ് സംഘം തിരച്ചിൽ നടത്തുണ്ട്.
നേരത്തെ കോഴിക്കോട് തിരുവമ്പാടിയിലും ചെന്താമരക്കായി തിരച്ചിൽ നടത്തിയിരുന്നു. കൂമ്പാറയിലെ ക്വാറിയിൽ ഒരു വർഷത്തോളം സുരക്ഷാ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. അന്ന് കൂടെ ജോലി ചെയ്ത മണികണ്ഠന് ചെന്താമര തന്റെ ഫോൺ കൈമാറിയിരുന്നു. ഇതിന്റെ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവിടെ പരിശോധനക്ക് എത്തിയത്. താൻ ഒരാളെ തട്ടിയെന്നും രണ്ടുപേരെ കൂടി തട്ടാനുണ്ടെന്നും ചെന്താമര പറഞ്ഞതായി മണികണ്ഠൻ വെളിപ്പെടുത്തിയിരുന്നു.